Monday, April 30, 2007

ഗാംഗേയന്റെ അമ്മ

(പെരിങ്ങോടന്റെ ഗാംഗേയന്‍ എന്ന കഥയും അതിനു ഡാലി ഇട്ട കമന്റുമാണു് ഈ കഥയ്ക്കു പ്രചോദനം. ഇതു വായിക്കുന്നതിനു മുമ്പു് ദയവായി അവ വായിക്കുക.)

നദീതീരത്തു കാറ്റു വീശുന്നുണ്ടായിരുന്നു.

ഗംഗ ധരിച്ചിരുന്ന മുട്ടോളമെത്തുന്ന വസ്ത്രം കാറ്റത്തു് ഇളകിപ്പൊങ്ങി. എങ്കിലും നദീതീരത്തു കാറ്റു കൊള്ളാന്‍ വന്നവരും ബോട്ടില്‍ അക്കരയ്ക്കു പോകാന്‍ വെമ്പുന്നവരുമായ പുരുഷന്മാര്‍ ഒളികണ്ണിട്ടു പോലും നോക്കിയില്ല.

ഇതുപോലെയുള്ള ഒരു കാറ്റാണു് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതു്, അവള്‍ ഓര്‍ത്തു.

അന്നു നദിയില്‍ ഇതില്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പഠനശിബിരത്തില്‍ പങ്കെടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന ഒരു ചെറിയ സംഘം നദീതീരത്തുള്ള കല്ലുകളുടെയും മറിഞ്ഞുവീണ വൃക്ഷങ്ങളുടെയും പുറത്തും മണല്‍ത്തിട്ടയിലുമായി വട്ടത്തില്‍ കൂടിയിരുന്നു.

അതു നടന്നതു കഴിഞ്ഞ ജന്മത്തിലാണു് എന്നാണു് ഇപ്പോള്‍ തോന്നുന്നതു്. താന്‍ വാര്‍ദ്ധക്യവും ജരാനരകളും മരണവും ഇല്ലാത്ത ഒരു അമരസുന്ദരിയാണു് എന്നു ചിന്തിച്ച കാലം. വടിവൊത്ത ശരീരത്തില്‍ ആവശ്യത്തിനു മാത്രം വസ്ത്രം ധരിച്ചു്, അവയ്ക്കു് അല്‍പം സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും തനിക്കു നേരേ നീളുന്ന കഴുകന്‍കണ്ണുകളെ കണ്‍കോണില്‍ക്കൂടി കണ്ടു് ആനന്ദിച്ചു്, കിലുകിലെ ചിരിച്ചു്, അവള്‍‍ ഒഴുകിയൊഴുകി നടന്നു. പകുതി ദേഹം പോലും ഭാര്യയ്ക്കു തീറെഴുതിക്കൊടുത്ത കാരണവന്മാരുടെ വെള്ളെഴുത്തു ബാധിച്ച മൂന്നാം കണ്ണുകളില്‍ പോലും ആസക്തിയുടെ കണങ്ങള്‍ കണ്ടപ്പോള്‍ തന്റെ അമരത്വത്തില്‍ അവള്‍ അഹങ്കരിക്കുകയായിരുന്നു.

അപ്പോഴാണു് ഇതുപോലെയൊരു കാറ്റു് അവളുടെ പാവാട ഉയര്‍ത്തിപ്പറപ്പിച്ചതു്. അപ്പോള്‍ത്തന്നെയാണു് ഒട്ടുമാറി താഴെ മണല്‍ത്തിട്ടില്‍ ഇരുന്നിരുന്ന, മീശ മുളച്ചിട്ടില്ലാത്ത കിളുന്തുപയ്യന്റെയും അവളുടെയും കണ്ണുകള്‍ തമ്മിലിടഞ്ഞതു്. ജാള്യവും കുസൃതിയും നിറഞ്ഞ രണ്ടു് അമര്‍ത്തിയ ചിരികള്‍ പരസ്പരം കൈമാറാതിരിക്കാന്‍ കഴിഞ്ഞില്ല്ല.

അടുത്ത തവണ മറ്റാരും അടുത്തില്ലാതിരുന്ന സന്ദര്‍ഭത്തില്‍ അവന്‍ ഈ വിഷയം എടുത്തിടുമെന്നു അവള്‍‍ കരുതിയില്ല. അവളുടെ വടിവൊത്ത കാലുകളെപ്പറ്റി അവന്‍ കവിത എഴുതിയത്രേ! അവളെക്കാണാതെ അവനു് ഒരു നിമിഷം പോലും ഇരിക്കാന്‍ സാദ്ധ്യമല്ലത്രേ!

താന്‍ പോകുന്നിടത്തെല്ലാം നിഴല്‍ പോലെ പിന്തുടര്‍ന്ന അവന്‍ അവള്‍ക്കു് ഒരു മഹാശല്യമായി മാറി. ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും അവന്‍ കൂടുതല്‍ ഒട്ടിച്ചേരാന്‍ തുടങ്ങി. അവസാനം താക്കീതു നല്‍കി അവളെ കോളേജില്‍ നിന്നു പുറത്താക്കുന്നതു വരെ എത്തി കാര്യങ്ങള്‍. മുള്ളിന്റെയും ഇലയുടെയും ഉപമ കേട്ടിട്ടുള്ളതുകൊണ്ടു് അതില്‍ ആശ്ചര്യം തോന്നിയില്ല.

പഠിത്തം അവസാനിപ്പിച്ചിട്ടും അവന്റെ ശല്യം മാറിയില്ല. കത്തായും ഇ-മെയിലായും ചാറ്റായും സ്ക്രാപ്പായും അവന്‍ തന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം എല്ലാ ഐഡികളും വിലാസങ്ങളും ഉപേക്ഷിച്ചു് ഒരു പുതിയ ജന്മത്തിലേക്കു യാത്രയായി.

മറന്നുവെന്നു കരുതിയ ഒരു ദിവസം അവനെ പിന്നെയും ഓര്‍ത്തു. അപ്പോഴാണു് അവന്റെ യഥാര്‍ത്ഥ പേരു പോലും തനിക്കറിയില്ല എന്നു് അവള്‍ മനസ്സിലാക്കിയതു്. "മഹാഭിഷക്‌" എന്നൊരു ചാറ്റ് പ്രൊഫൈല്‍ പേരു മാത്രമേ (ഒരു വലിയ ഡോക്ടറാകാനായിരുന്നത്രേ അവന്റെ ആഗ്രഹം) അവന്റേതായി അവള്‍ക്കറിയുമായിരുന്നുള്ളൂ.

പിന്നീടൊരിക്കലും അവനെ കാണുമെന്നു കരുതിയില്ല. കണ്ടപ്പോഴാകട്ടേ, അതു് അവളുടെ രണ്ടാം ജന്മമായിരുന്നു.

ശന്തനു എന്നായിരുന്നു അവന്റെ പേരു്. അന്നാട്ടിലെ ഏറ്റവും വലിയ കുടുംബത്തിലെ ഒരേയൊരു അവകാശി. വെപ്പാട്ടികള്‍ അനേകമുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ കുലത്തിന്റെ അന്തകനാകാന്‍ കച്ചകെട്ടിയിറങ്ങിയവന്‍.

സ്ത്രീലമ്പടത്വം അവന്റെ ജീനില്‍ ഉള്ളതാണു്. അവന്റെ ഒരു വല്യപ്പൂപ്പന്‍ വയസ്സുകാലത്തു സ്വന്തം യൌവനം തിരിച്ചുകിട്ടാന്‍ ഒരു മന്ത്രവാദിയെക്കൊണ്ടു സ്വന്തം മകന്റെ വരിയുടച്ചത്രേ. മറ്റൊരപ്പൂപ്പന്‍ ഒരു കാട്ടുപെണ്ണിനെ ഗര്‍ഭിണിയാക്കിയതും അവള്‍ തറവാട്ടില്‍ വന്നു ഗര്‍ഭസത്യാഗ്രഹമിരുന്നതും നാട്ടിലെല്ലാം പ്രസിദ്ധമായ കാര്യമാണു്. ഒരു അംനീഷ്യയുടെ സുരക്ഷ സ്തുതിപാഠകന്മാര്‍ അയാള്‍ക്കു കൊടുത്തു രക്ഷിക്കാന്‍ നോക്കിയെങ്കിലും അധികമാരും അതു വിശ്വസിച്ചിട്ടില്ല.

ആകസ്മികമായി ആയിരുന്നു രണ്ടാമത്തെ കണ്ടുമുട്ടല്‍. വെറുപ്പോടെ മുഖം തിരിക്കുകയാണു് അവള്‍ ആദ്യം ചെയ്തതു്.

വെറുപ്പു് സഹതാപവും സഹതാപം വാത്സല്യവും വാത്സല്യം സ്നേഹവുമായി മാറിയതു് എങ്ങനെയാണെന്നു ഗംഗയ്ക്കോര്‍മ്മയില്ല. തന്നെയോര്‍ത്തു വര്‍ഷങ്ങളായി ഒരാള്‍ കാത്തിരിക്കുന്നു എന്നു കേട്ടതു് അവള്‍ വിശ്വസിച്ചു. അവളുടെ പഴയ ഒരു ചിത്രം‍ ഫ്രെയിം ചെയ്തു തന്റെ പഠനമുറിയില്‍ സൂക്ഷിച്ചിരുന്നതു് അവന്‍ കാണിച്ചു. എന്നും അവന്‍ ആ പടവും കെട്ടിപ്പിടിച്ചാണു് ഉറങ്ങിയിരുന്നതത്രേ!

തന്റെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന മഹാരോഗത്തിന്റെ വിവരം അവള്‍ അവനില്‍ നിന്നു മറച്ചുവെച്ചു. ജരണവും മരണവും ബാധിക്കാത്തവളാണു താനെന്ന അഹങ്കാരത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടു് ഏതാനും മാസം മുമ്പാണു് അതു കടന്നുവന്നതു്. ആകാശത്തില്‍ നിന്നു പാതാളത്തിലേക്കള്ള പതനത്തിനിടയില്‍ താങ്ങായി ഒരു ശിരസ്സു് അവള്‍ കൊതിക്കുകയായിരുന്നു.

എങ്കിലും കുളിക്കടവുകളിലും ഞാറു നടുന്ന പെണ്ണുങ്ങളിലും നീണ്ടുചെല്ലുന്ന അവന്റെ കണ്ണുകള്‍ അവള്‍ക്കു കണ്ടില്ലെന്നു നടിക്കാനായില്ല. നഗ്നത അവന്റെ ഒരു ദൌര്‍ബല്യമായിരുന്നു. എന്നിട്ടും അവന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കു് അവള്‍ വഴങ്ങി.

വിവാഹം കഴിക്കുന്നതിനു മുമ്പു് രണ്ടു വ്യവസ്ഥകള്‍ മുന്നോട്ടു വെച്ചു. ഒന്നു്, താമസിയാതെ താന്‍ അവനെ വിട്ടുപോകും. രണ്ടു്, തങ്ങള്‍ക്കു കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല.

താന്‍ പോയാല്‍ തന്റെ കുട്ടികളുടെ സ്ഥിതിയെന്താണെന്നു് അവള്‍ വ്യാകുലപ്പെട്ടു. ഏതെങ്കിലും അപ്സരസ്സിന്റെയോ അരയത്തിയുടെയോ തുണി അല്പം മാറിയാല്‍ ഹാലിളകി അവളെ സ്വന്തമാക്കാന്‍ എന്തു നീചകൃത്യവും ചെയ്യാന്‍ ഇവന്‍ മടിക്കില്ല. അവളും അവളുടെ കുടുംബക്കാരും ചേര്‍ന്നു് തന്റെ മക്കളെ എന്തു വേണമെങ്കിലും ചെയ്തേക്കാം. സ്വത്തിനു കണക്കു പറയാന്‍ കുട്ടികളുണ്ടാകാതിരിക്കാന്‍ തന്റെ മക്കളുടെയും വരിയുടയ്ക്കുവാന്‍ ആ തന്ത കൂട്ടുനിന്നേക്കാം. പിന്നെ അവളുടെ മക്കള്‍ക്കു കൂട്ടിക്കൊടുക്കാന്‍ പെണ്ണന്വേഷിച്ചും പുത്രവധുക്കളും പൌത്രവധുക്കളും പിഴച്ചു പ്രസവിക്കുന്ന കുട്ടികള്‍ തമ്മിലടിക്കുമ്പോള്‍ മദ്ധ്യസ്ഥത വഹിക്കാനും തന്റെ മകന്‍ പോകേണ്ടി വന്നേക്കാം. ഉദ്ധാരണശേഷിയില്ലാത്ത പിതാമഹന്‍ എന്ന പേരു സമ്പാദിച്ചു് അവസാനകാലം ശരശയ്യയില്‍ കഴിയാനാകും അവന്റെ വിധി.

വേണ്ടാ, എനിക്കു് ഒരു കുഞ്ഞു വേണ്ടാ.

വ്യവസ്ഥകള്‍ പാലിക്കാന്‍ അവനു താത്‌പര്യം കുറഞ്ഞുവന്നു. അവളുടെ സൌന്ദര്യത്തെയോ അവന്റെ സുഖത്തെയോ അല്പമെങ്കിലും കുറയ്ക്കുന്ന ഒരു മുന്‍‌കരുതലിനും അവന്‍ തയ്യാറായിരുന്നില്ല. കാമപൂരണത്തിനു മുന്നില്‍ ദിവസങ്ങളുടെ കണക്കുകളും അവന്‍ മറന്നുപോയിരുന്നു. ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച കൈക്കരുത്തിന്റെ മുന്നില്‍ അവളുടെ എല്ലാ ശക്തിയും ചോര്‍ന്നുപോയിരുന്നു. സാധാരണക്കാരുടെ അറപ്പുപോലും അവനൊരു ശീലമായി മാറിയിരുന്നു.

തന്റെ കുഞ്ഞിനെ ഏതു മികച്ച യന്ത്രത്തേക്കാളും മുന്നേ അവള്‍ അറിഞ്ഞു. ഉദരത്തില്‍ കുഞ്ഞു നാമ്പെടുക്കുമ്പോള്‍ അവളുടെ മുല ചുരന്നിരുന്നു. സീസണല്ലാത്ത കാലത്തു പോലും പപ്പായ കിട്ടുന്ന ഗ്രാമത്തിലേക്കു രണ്ടു മണിക്കൂറിന്റെ വഴിയേ ഉണ്ടായിരുന്നുള്ളൂ. അവന്‍ കാണാതെ അതു സൂക്ഷിച്ചു വെയ്ക്കാന്‍ അവന്റെ സ്റ്റോര്‍‌റൂമിലെ തന്റെ ഫോട്ടൊയുടെ പിറകിലുള്ള സ്ഥലം ധാരാളം.

ഏഴു തവണ അവനറിഞ്ഞില്ല. ഏഴു കുഞ്ഞുങ്ങള്‍ക്കു ശാപമോക്ഷം കൊടുത്തു. പുത് എന്ന നരകത്തില്‍ അവന്‍ കിടന്നലയുമ്പോള്‍ അവര്‍ മുകളില്‍ നിന്നു കൈകൊട്ടിച്ചിരിക്കട്ടേ.

കണ്ടുപിടിച്ചതു് അവന്റെ അമ്മയാണു്. അവര്‍ കൂടെ വന്നു താമസിക്കാന്‍ തുടങ്ങിയതോടെ പപ്പായ സൂക്ഷിക്കല്‍ ഒരു പ്രശ്നമായി. അവരുടെ “മച്ചി” എന്ന വിളി കേട്ടില്ലെന്നു നടിച്ചു. പക്ഷേ വീടിന്റെ ഓരോ മൂലയും അരിച്ചുപെറുക്കുന്ന അവരുടെ കണ്ണുകളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

പിന്നെയുള്ള ജീവിതം തീവ്രപരിചരണത്തിന്റേതായിരുന്നു. പറഞ്ഞ സമയത്തു് എത്താത്ത മരണത്തെ അവള്‍ ശപിച്ചു.

അങ്ങനെ ഇവന്‍ ജനിച്ചു-ഗാംഗേയന്‍. കഴിഞ്ഞ ജന്മത്തില്‍ ഇവനും ചെയ്തിട്ടുണ്ടാവാം എന്തോ വലിയ പാപം.

കുഞ്ഞു ജനിച്ചതോടെ തീവ്രപരിചരണത്തിന്റെ ശക്തി അല്പം കുറഞ്ഞു. ഒരു രാത്രി കുഞ്ഞിനെ എടുത്തുകൊണ്ടു് അവള്‍ ‍ നാടുവിട്ടു. ശേഷിച്ച ജീവിതം ഗാംഗേയനു വേണ്ടി ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു.

രോഗം അനുദിനം മൂര്‍ച്ഛിച്ചുവന്നു. അവള്‍‍ ആശുപത്രിയില്‍ നിത്യസന്ദര്‍ശകയായി.

എന്നു വേണമെങ്കിലും മരിക്കാം എന്നു തോന്നിയ ഒരു ദിവസം മകനോടു് അവന്റെ അച്ഛന്റെ വിവരം പറഞ്ഞു. പ്രതാപിയായ അച്ഛന്റെ അടുത്തുനിന്നു് തന്നെ അടര്‍ത്തിമാറ്റിയ അമ്മയെ ഗാംഗേയന്‍ ചീത്തപറഞ്ഞു. അച്ഛന്റെ അടുത്തേക്കു് മടങ്ങിപ്പോകണമെന്നു് വാശിപിടിച്ചു. ഈ വയറ്റില്‍ വന്നു പിറന്നതില്‍ വ്യസനിച്ചു. അവള്‍ ചെയ്യരുതാത്തതു ചെയ്തവളാണെന്നു മുദ്രകുത്തി.

അങ്ങനെ ഇന്നു് അതേ നദീതീരത്തുവെച്ചു് അവനു് അവന്‍ തനിക്കു നല്‍കിയ മകനെ തിരിച്ചുകൊടുക്കാന്‍ എത്തിയതാണു ഗംഗ.

ഗൌണ്‍ കാറ്റത്തു് വല്ലാതെ ഇളകിപ്പറക്കുന്നു. ഇപ്പോള്‍ ആശുപത്രിക്കാര്‍ വെറുതേ തന്ന ഗൗണുകള്‍ മാത്രമേയുള്ളൂ വസ്ത്രങ്ങളായി. ഗാംഗേയന്റെ പഠിപ്പിനും ആശുപത്രിച്ചെലവിനുമായി കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. അല്ലെങ്കില്‍ത്തന്നെ അകാലവാര്‍ദ്ധക്യം ബാധിച്ചു മൊട്ടത്തലയും ശുഷ്കിച്ച ദേഹവുമായി നടക്കുന്ന തനിക്കെന്തിനു വസ്ത്രം?

അവന്‍ തന്നെ കാണരുതു്. അവന്റെ മനസ്സില്‍ ഇപ്പോഴും താന്‍ കടഞ്ഞെടുത്തതുപോലെയുള്ള അവയവങ്ങളുള്ള ഗംഗയാണു്. ഒറ്റമുലച്ചിയും മൊട്ടത്തലച്ചിയും വിരൂപയുമായ തന്നെ തന്റെ മകന്റെ അമ്മയായി കാണാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.

മകനേ, എന്നോടു ക്ഷമിക്കൂ. ഏഴു മക്കളെ കുരുതി കൊടുത്തപ്പോള്‍ തോന്നാത്ത നൊമ്പരം നിന്നെ ഈ ദുര്‍‌വിധിയിലേക്കു തള്ളിയിടുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നു. പക്ഷേ എനിക്കിതേ കഴിയൂ. എന്റെ ശിഷ്ടജീവിതം മാലിന്യങ്ങളുടെയും ശവങ്ങളുടെയും പാപികളുടെയും കൂടെയാണു്. ഇനിയും താഴേയ്ക്കു വീഴുമ്പോള്‍ എന്നെ തലയില്‍ താങ്ങാന്‍ ഇനി ആരുമില്ല.

ശന്തനു ഗാംഗേയനുമൊത്തു നടന്നുമറയുന്നതു് കണ്ണില്‍ നിന്നു മായുന്നതുവരെ ഗംഗ നോക്കി നിന്നു. പിന്നെ തിരിഞ്ഞുനടന്നു, എല്ലാ പാപികളുടെയും പാപങ്ങള്‍ ഏറ്റുവാങ്ങാന്‍...

Labels:

Sunday, March 26, 2006

മാറ്റം

ഈ ബ്ലോഗും എന്റെ മറ്റു ബ്ലോഗുകളും ചേര്‍ത്തു് ഗുരുകുലം എന്ന പുതിയ ഒരു വേര്‍‌ഡ്‌സ്‌പ്രെസ്സ് ബ്ലോഗ് തുടങ്ങി. ഈ ബ്ലോഗിലെ ലേഖനങ്ങള്‍ അവിടെ വ്യാകരണം (Grammar), വൈയക്തികം (Personal), പലവക (General)എന്നീ വിഭാഗങ്ങളില്‍ കാണാം.

കമന്റുകള്‍ ദയവായി ഗുരുകുലത്തില്‍ ചേര്‍ക്കുക.

http://malayalam.usvishakh.net/blog

Tuesday, November 22, 2005

എന്നെ വെടിവെച്ചു കൊല്ലൂ!

പ്രശസ്തമലയാളകവി സച്ചിദാനന്ദന്‍ ഒരിക്കല്‍ എഴുതി: "നാല്‍പതു വയസ്സു കഴിഞ്ഞ എല്ലാവരെയും വെടിവെച്ചു കൊല്ലണമെന്നായിരുന്നു എനിക്കു ചെറുപ്പത്തിലുണ്ടായിരുന്ന അഭിപ്രായം. അതു തിരുത്തണമെന്നു്‌ എനിക്കു്‌ ഇപ്പോള്‍ തോന്നുന്നു. കാരണം എനിക്കു നാല്‍പതു വയസ്സായി."


സത്യം. ചെറുപ്പത്തില്‍ "പരേതനു നാല്‍പതു വയസ്സായിരുന്നു" എന്നു ചരമവാര്‍ത്തയില്‍ വായിക്കുമ്പോള്‍, "ഇത്രയൊക്കെ ജീവിച്ചില്ലേ, ഇനി ചത്തുകൂടേ, എന്തിനാണു ഭൂമിക്കു ഭാരമായി ഇരിക്കുന്നതു്‌" എന്നു തോന്നിയിട്ടുണ്ടു്‌. നാല്‍പതുകളില്‍ വിഹരിച്ചിരുന്ന രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ "യുവാവായ പ്രധാനമന്ത്രി" എന്നു പത്രക്കാര്‍ വിളിച്ചപ്പോള്‍ ഇവന്മാര്‍ക്കെന്താ തലയ്ക്കു വട്ടുണ്ടോ എന്നു ശങ്കിച്ചവരാണു ഞങ്ങള്‍.


ഇരുപത്തിനാലു വയസ്സുള്ളവനാണു്‌ അന്നത്തെ "പ്രായമായ" മനുഷ്യന്‍.
മുപ്പതിനു മേലുള്ളവര്‍ വയസ്സന്മാര്‍.


കാലം കഴിയുന്നതോടെ ഈ അതിര്‍വരമ്പുകള്‍ ഉയര്‍ന്നു തുടങ്ങി. ഇപ്പോള്‍ ഇരുപത്തിനാലു വയസ്സുകാര്‍ പയ്യന്മാര്‍, നാല്‍പതുകാര്‍ ചെറുപ്പക്കാര്‍, അറുപതുകാര്‍ മദ്ധ്യവയസ്കര്‍, എണ്‍പതുകാര്‍ വയസ്സന്മാര്‍ എന്ന സ്ഥിതിയെത്തി. അതു്‌ ഇനിയും മുകളിലേക്കു പോകും. പ്രേം നസീറിനെയും ദേവാനന്ദിനെയും (ദേവരാഗക്കാരനല്ല) പോലെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞാലും നിത്യയൌവനമാണെന്നു വിളിച്ചുകൂവും.

പറഞ്ഞുവന്ന കാര്യം പറഞ്ഞില്ലല്ലോ. എനിക്കു്‌ നാല്‍പതു വയസ്സായി.

1965 നവംബര്‍ 22-ാ‍ം തീയതി എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു്‌ ഒരുമാസം മുമ്പു്‌ ഞാന്‍ ഭൂജാതനായിട്ടു്‌ ഇന്നു്‌ നാല്‍പതു കൊല്ലം തികയുന്നു. ഇങ്ങനെ നിനച്ചിരിക്കാത്ത സമയത്തു വന്നതുകൊണ്ടു്‌ സ്കൂളദ്ധ്യാപികയായിരുന്ന അമ്മയ്ക്കു്‌ പ്രസവാവധി കാലേകൂട്ടി എടുക്കാന്‍ പറ്റാഞ്ഞതിനാല്‍ (അന്നൊക്കെ പ്രസവത്തിനു മുമ്പും പിമ്പും ഓരോ മാസം അവധി കിട്ടുമായിരുന്നു) എന്റെ ജനനത്തീയതി ഡിസംബറിലെ ഒരു ദിവസത്തിലേക്കു മാറ്റി. അതാണു്‌ ഇപ്പോഴും എന്റെ ഔദ്യോഗിക ജനനത്തീയതി.



ജനനത്തീയതി മാറ്റുന്നതു്‌ മലയാളികള്‍ക്കു പുത്തരിയല്ല. അധികം
പേരെയും ജനിപ്പിക്കുന്നതു്‌ മെയ്‌മാസത്തിലാണെന്നു മാത്രം.
കേരളത്തിലെ സെന്‍സസ്‌ പരിശോധിച്ചാല്‍ 90% ആളുകളും മെയ്‌മാസത്തില്‍
ജനിക്കുന്നതായി കാണാം. ഇതു ജൂലൈ മാസത്തിലെ കനത്ത മഴ
മൂലമാണെന്നു്‌ ആരും തെറ്റിദ്ധരിക്കേണ്ട. ദീര്‍ഘദര്‍ശികളായ
കാരണവന്മാരുടെ ബുദ്ധിമൂലമാണെന്നു മനസ്സിലാക്കുക. ഇതിനെപ്പറ്റി
ഗവേഷണം ചെയ്തതില്‍ നിന്നു മനസ്സിലായതു്‌ ഇങ്ങനെ:

ഒരു കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കണമെങ്കില്‍ ജൂണ്‍ ഒന്നാം തീയതി അഞ്ചു
വയസ്സു തികഞ്ഞിരിക്കണം. ജൂലൈയിലും ഓഗസ്റ്റിലുമൊക്കെ ജനിച്ചവര്‍ക്കു
സത്യം പറഞ്ഞാല്‍ പിറ്റേ വര്‍ഷമേ ചേരാന്‍ പറ്റൂ. ഒരു വര്‍ഷം വൈകി
സ്കൂളില്‍ ചേര്‍ന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ പഠിപ്പു കഴിയൂ. ഒരു വര്‍ഷം
കഴിഞ്ഞു പഠിപ്പു കഴിഞ്ഞാല്‍ ഒരു വര്‍ഷം കഴിഞ്ഞേ ജോലി കിട്ടൂ.
അതായതു പന്ത്രണ്ടു മാസത്തെ ശമ്പളം നഷ്ടമാകും.
ആദ്യവര്‍ഷത്തിനു ശേഷം ശമ്പളക്കയറ്റം കൂടി കണക്കിലെടുത്താല്‍
പെന്‍ഷനാകും വരേക്കു കിട്ടുന്ന ശമ്പളത്തിന്റെ വ്യത്യാസവും, പിന്നെ
പെന്‍ഷനിലുള്ള വ്യത്യാസവുമൊക്കെ കണക്കുകൂട്ടി നോക്കിയാല്‍ എത്ര രൂപയുടെ
വ്യത്യാസമുണ്ടെന്നു നോക്കുക. ഇതു വെറുതേ കളയണോ. അതിനാല്‍ വയസ്സു
കൂട്ടി ചേര്‍ക്കുകയല്ലാതെ മറ്റു വഴിയില്ല.

എന്നാല്‍പ്പിന്നെ ജൂണ്‍ 1-നു മുമ്പുള്ള ഏതെങ്കിലും തീയതി പോരേ? എന്തിനു
മെയ്‌മാസത്തില്‍ത്തന്നെ? അതിനു കാരണം മറ്റൊന്നാണു്‌:

പണ്ടു സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പെന്‍ഷനാകുന്നതു്‌ 55 വയസ്സു
തികയുമ്പോഴാണു്‌. (ചിലടത്തു്‌ ഇതു്‌ 58-ഓ 60-ഓ ആകാം. എന്തായാലും
നമ്മുടെ തിയറി മാറുന്നില്ല.) അതായതു്‌, 55 തികയുന്ന മാസത്തിലെ
അവസാനത്തെ ദിവസത്തില്‍. ഉദാഹരണത്തിനു 1940 നവംബര്‍ 22-നു
ജനിച്ചവന്‍ 1995 നവംബര്‍ 30-നു പെന്‍ഷനാകും. ജനനത്തീയതി
മെയിലേക്കു മാറ്റിയാല്‍ 1996 മെയ്‌ 31-നേ പെന്‍ഷനാകൂ. അതായതു ആറു മാസം
കൂടുതല്‍ ശമ്പളം കിട്ടുമെന്നര്‍ത്ഥം. പെന്‍ഷന്‍ തുകയും കൂടും.

ചുരുക്കം പറഞ്ഞാല്‍ "വയസ്സു കൂട്ടി" ചേര്‍ത്താലും "വയസ്സു കുറച്ചു"
ചേര്‍ത്താലും മൊത്തം ശമ്പളവും പെന്‍ഷനും കൂടിയ തുക maximise
ചെയ്യാന്‍ ജനനത്തീയതി മെയ്‌-ല്‍ത്തന്നെ വേണമെന്നു്‌ നമ്മുടെ പൂര്‍വ്വികര്‍
കണ്ടെത്തി. കാല്‍ക്കുലസ്‌ കണ്ടുപിടിച്ച ന്യൂട്ടണ്‍ സായ്പ്‌ ഇതു വല്ലതും
അറിഞ്ഞിരുന്നെങ്കില്‍ ഇവരെ പൂവിട്ടു തൊഴുതേനേ.



അതവിടെ നില്‍ക്കട്ടെ. പറഞ്ഞുവന്നതു ഞാന്‍ ഒരു മാസം മുമ്പു ജനിച്ചതിനെപ്പറ്റിയാണു്‌. അന്നു മുതല്‍ ഇന്നു വരെ ഞാന്‍ ഒരു കാര്യവും ചെയ്യേണ്ട സമയത്തു ചെയ്തിട്ടില്ല എന്നാണു പഴമക്കാര്‍ പറയുന്നതു്‌. ആദ്യമൊക്കെ എല്ലാം സമയത്തിനു മുമ്പു ചെയ്യുമായിരുന്നു. അമ്മയുടെ കൂടെ മൂന്നാം വയസ്സില്‍ സ്കൂളിലേക്കു പോയ ഞാന്‍ രണ്ടു കൊല്ലം വെറുതെ ഒന്നാം ക്ലാസ്സില്‍ ഇരുന്നു അതു മുഴുവന്‍ പഠിച്ചു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ രണ്ടാം ക്ലാസ്സിലെ കാര്യങ്ങള്‍ പഠിക്കാനായിരുന്നു കമ്പം. ഈ ശീലം സ്കൂള്‍ കഴിയുന്നതു വരെ തുടര്‍ന്നു. കോളേജില്‍ പോയതോടുകൂടി ഗതി നേരേ തിരിഞ്ഞു. എഞ്ചിനീയറിംഗിനു പഠിക്കുമ്പോള്‍ ആറാം സെമസ്റ്ററിലെത്തുമ്പോഴാണു മൂന്നാം സെമസ്റ്ററിലെ വിഷയങ്ങള്‍ പഠിച്ചതു്‌. പഠിത്തമൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷമാണു പണ്ടു പഠിച്ചതൊക്കെ മനസ്സിലായിത്തുടങ്ങിയതു്‌.

സ്കൂള്‍ക്കുട്ടികള്‍ പഠിക്കുന്ന വൃത്തം, അലങ്കാരം, വ്യാകരണം, ഗുണനപ്പട്ടിക, പദ്യങ്ങള്‍, ചീട്ടുകളി, ചെസ്സുകളി ഇവയൊക്കെ പഠിക്കാനാണു്‌ ഈയിടെയായി കമ്പം. എന്റെ പ്രായത്തിലുള്ളവര്‍ ചെയ്യുന്ന സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌, ബിസിനസ്സ്‌, വിസ വില്‍ക്കല്‍, പലിശയ്ക്കു കടം കൊടുക്കല്‍, നാട്ടില്‍ സ്ഥലം വാങ്ങിയിടല്‍, അതു പിന്നെ വില്‍ക്കല്‍, ഇന്റര്‍നെറ്റില്‍ നിന്നു വാങ്ങി മറിച്ചു വില്‍ക്കല്‍, അത്യാധുനിക ഇലക്ട്രോണിക്‌ ഉപകരണങ്ങളെപ്പറ്റി സംസാരിക്കല്‍ തുടങ്ങിയവയില്‍ കമ്പം എഴുപതു വയസ്സിലായിരിക്കും തുടങ്ങുക. ആര്‍ക്കറിയാം?

ഏതായാലും നാല്‍പതു വയസ്സായി. പഴയപോലെ ജന്മദിനത്തില്‍ വലിയ സന്തോഷമൊന്നുമില്ല; പകരം ആശങ്കയാണു്‌. വെണ്ണിക്കുളത്തിന്റെ വരികള്‍ ഓര്‍മ്മ വരുന്നു:

വയസ്സു കൂട്ടുവാന്‍ വേണ്ടി
വന്നെത്തും ജന്മതാരകം
വൈരിയാണോ സുഹൃത്താണോ
വളരെസ്സംശയിപ്പു ഞാന്‍

ആദ്യമാദ്യമെനിക്കുണ്ടായ്‌
വളരാനുള്ള കൌതുകം
അതു വേണ്ടിയിരുന്നില്ലെ-
ന്നിപ്പോള്‍ തോന്നുന്നതെന്തിനോ?

പിന്തിരിഞ്ഞു നടന്നീടാ-
നാവാതുള്ളൊരു യാത്രയില്‍
പിറന്നാളുകളോരോന്നും
നാഴികക്കുറ്റിയല്ലയോ....

ഇത്രയും നേരം ബോറടിപ്പിച്ചതിനു്‌ നിങ്ങള്‍ക്കെന്നെ വെടിവെച്ചുകൊല്ലാന്‍ തോന്നുന്നുണ്ടാവും, അല്ലേ?

Saturday, May 21, 2005

വരമൊഴി

വര + മൊഴി ആണു വരമൊഴി. വരകളില്‍ക്കൂടി പ്രകടമാകുന്ന മൊഴി. ലിഖിതഭാഷയെന്നര്‍ത്ഥം. ഇതിനു വിപരീതമായി സംസാരത്തില്‍ക്കൂടി പ്രകടിപ്പിക്കുന്ന മൊഴിയെ വായ്‍മൊഴി എന്നു പറയുന്നു.

സിബുവിന്റെ വരമൊഴിക്കു് ആ പേര്‍ വളരെ അന്വര്‍ത്ഥമാണു്. (ആ പേര്‍ നിര്‍ദ്ദേശിച്ച ആളിന്റെ പേര്‍ സിബു എവിടെയോ പറഞ്ഞിട്ടുണ്ടു്. ഇപ്പോള്‍ കിട്ടുന്നില്ല. ആ മഹാനു നമോവാകം.) നോക്കുക:

  • വരകള്‍ കൊണ്ടുള്ള മൊഴി. കമ്പ്യൂട്ടറിലെ പല വരയും കുറിയും കൊണ്ടു മലയാളം കാണിപ്പിക്കുന്ന വിദ്യ. അതാണല്ലോ വരമൊഴി.


  • മൊഴി എന്നതു വരമൊഴിയിലെ transliteration scheme ആണു്. വരം എന്നതിനു ശ്രേഷ്ഠം എന്നും അര്‍ത്ഥമുണ്ടു്. വരമൊഴിക്കു "ഏറ്റവും നല്ല transliteration scheme ഉള്ള വിദ്യ" എന്നും പറയാം. മൊഴി ഏറ്റവും intuitive ആയതിനാല്‍ ഇതും വരമൊഴിക്കു യോജിക്കും.


  • മലയാളികള്‍ക്കു്, പ്രത്യേകിച്ചു് കമ്പ്യൂട്ടറില്‍ എഴുതുന്ന മലയാളികള്‍ക്കു്, ഒരു വരമായി വന്ന മൊഴി എന്ന അര്‍ത്ഥവും പറയാം. വരമൊഴിയും അതിന്റെ പിന്‍ഗാമിയായ കീമാനും ഇല്ലായിരുന്നെങ്കില്‍ ഇത്രയും മലയാളബ്ലോഗുകളും ഗ്രൂപ്പുകളും ഇന്റര്‍നെറ്റില്‍ ഉണ്ടാകുമായിരുന്നോ എന്നു സംശയമാണു്. എനിക്കു് എറ്റവും സമഞ്ജസമായി തോന്നുന്നതു് ഈ അര്‍ത്ഥമാണു്.

മലയാളത്തിനു കിട്ടിയ ഈ വരദാനം ഏറ്റവും ഉപയോഗിക്കപ്പെടുന്നതു മലയാളം ബ്ലോഗുകളിലും അക്ഷരശ്ലോകഗ്രൂപ്പിലുമാണു്. വരമൊഴിയുടെ മാഹാത്മ്യം ശരിക്കറിയുന്നതു് അവരാണു് - സിബുവിനെക്കാളും. "കവിതാരസചാതുര്യം വ്യാഖ്യാതാ വേത്തി നോ കവിഃ സുതാസുരതസാമര്‍ഥ്യം ജാമാതാ വേത്തി നോ പിതാ" എന്ന രസികന്‍ സംസ്കൃതശ്ലോകത്തിന്റെ ചുവടുപിടിച്ചു് ഞാന്‍ ഇങ്ങനെ പറയട്ടേ:

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും സുതയ്ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

Friday, May 13, 2005

ശരിയും തെറ്റും

വ്യാകരണകാര്യങ്ങളെ ഒരു പുതിയ ബ്ലോഗിലേക്കു മാറ്റുകയാണു്‌. "ശരിയും തെറ്റും" എന്നായ്ക്കോട്ടേ പേരു്‌.

ഇങ്ങനെ ചെയ്തില്ലെങ്കില്‍ തെറ്റു മാത്രം കണ്ടുപിടിക്കുന്ന ഒരു ബോറന്‍ വൈയാകരണന്‍ മാത്രമാണു ഞാനെന്നു്‌ ആളുകള്‍ കരുതില്ലേ? വ്യാകരണമല്ലാത്ത പല കാര്യങ്ങളും എനിക്കു മലയാളത്തിലെഴുതാനുണ്ടു്‌. അവ ഈ "ഉമേഷിന്റെ മലയാളം ബ്ലോഗില്‍" കാണാം.

ഒരു വാക്കു കണ്ടിട്ടു്‌ അതുപോലെയാണു മറ്റു പല വാക്കുകളുമെന്നു തെറ്റിദ്ധരിച്ചു്‌ ഒരുപാടു്‌ അബദ്ധങ്ങള്‍ ഉണ്ടാകുന്നുണ്ടു്‌. രമേശന്‍ - പാര്‍വ്വതേശന്‍ (പാര്‍വ്വതിയുടെ ഈശന്‍ എന്ന അര്‍ത്ഥത്തില്‍), മാര്‍ദ്ദവം - ഹാര്‍ദ്ദവം, രാമായണം - സീതായണം, മനോരാജ്യം - മനോസാക്ഷി, അന്തസ്സത്ത - അന്തപ്പുരം എന്നിങ്ങനെ. ഇവയെപ്പറ്റി സ്ഥിരമായി എഴുതിയാലോ എന്നു കരുതുകയാണു്‌. "ശരിയും തെറ്റും" എന്ന ബ്ലോഗിന്റെ തുടക്കം അതു തന്നെ ആയ്ക്കോട്ടേ.

Sunday, May 08, 2005

മാതൃദിനചിന്തകള്‍

അമേരിക്കക്കാരുടെ മാതൃദിനത്തില്‍ ശങ്കരാചാര്യരുടെ മാതൃപഞ്ചകത്തില്‍ നിന്നുള്ള ഈ ശ്ലോകം ഓര്‍ത്തുപോയി:

ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വാരശൂലവ്യഥാ,
നൈരുച്യം, തനുശോഷണം, മലമയീ ശയ്യാ ച സാംവത്സരീ,
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

ഈ ശ്ലോകത്തിനു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെയ്ത ഈ തര്‍ജ്ജമയും വളരെ പ്രശസ്തമാണു്‌:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!

ഇതു പഴയ അമ്മയുടെ കഥ. പുതിയ അമ്മമാര്‍ക്കു്‌ അല്‍പം വ്യത്യാസമുണ്ടു്‌. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ, മുകളില്‍ ഉദ്ധരിച്ച ശ്ലോകത്തിനു രാജേഷ്‌ വര്‍മ്മയുടെ പാരഡി കാണുക:

പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചികുറവിന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പം വൃത്തികേടായിടുവതുമൊഴിവായ്‌ - വന്നുവല്ലോ ഡയപ്പര്‍,
ശോഷിക്കുന്നില്ല ദേഹം, "പുനരൊരു വിഷമം ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക"യെന്നോതുമമ്മേ, തൊഴുന്നേന്‍!


Happy mother's day!

Friday, May 06, 2005

നന്ദി...

1992-ല്‍ മുംബൈലേക്കു തീവണ്ടി കയറിയതോടെ ആനുകാലികങ്ങള്‍ വായിക്കുന്നതു നിന്നു. അമേരിക്കയിലെത്തിയപ്പോള്‍ പറയുകയും വേണ്ടാ. അതു കഴിഞ്ഞു്‌ ഇപ്പോഴാണു്‌ ഒന്നു്‌ ഉഷാറായതു്‌. ക്ഷുരകനെയും രാത്രിഞ്ചരനെയും പെരിങ്ങോടനെയും വിശ്വത്തെയും സൂര്യഗായത്രിയെയും സുനിലിനെയും ഏവൂരാനെയുമെല്ലാം മുഴുവന്‍ ആര്‍ത്തിയോടെ വായിക്കുന്നു. നിത്യവും മൊത്തം വായിക്കാന്‍ പറ്റാത്തതു പോളിനെയാണു്‌. അതു്‌ ആഴ്ചയിലൊരിക്കല്‍ സമയം കിട്ടുമ്പോള്‍.

എഴുതുന്ന എല്ലാവര്‍ക്കും നന്ദി. ഇവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്ന മനോജിനു നന്ദി. അഞ്ജലീപിതാവായ കെവിനു നന്ദി. വരമൊഴി എന്ന വരം ദാനം ചെയ്ത സിബുവിനു നന്ദി. അഭിപ്രായങ്ങള്‍ എഴുതുകയും തിരുത്തിത്തരികയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. തിരക്കുകള്‍ക്കിടയിലും മലയാളം വായിക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി.

ഒരു ആഗ്രഹം കൂടിയുണ്ടു്‌. വീട്ടില്‍ എനിക്കു്‌ ഒരു linux machine ആണുള്ളതു്‌. ആപ്പീസിലും അതുതന്നെ. (പിന്നെ ഒരു solaris-ഉം.) ഇവറ്റകളില്‍ ഇതൊന്നും വായിക്കാന്‍ പറ്റുന്നില്ല. ആരെങ്കിലും വല്ല എക്സെല്‍ ഷീറ്റോ പ്രോജക്റ്റ്‌ ഫയലോ മറ്റോ അയച്ചാല്‍ വായിക്കാന്‍ വേണ്ടി ആപ്പീസില്‍ ഒരു ജാലകയന്ത്രം തന്നിട്ടുണ്ടു്‌ - പണ്ടു ജാംബവാന്‍ കണ്ണുകാണാതായപ്പോള്‍ സന്തതിപരമ്പരകള്‍ക്കു കൊടുത്തതു്‌ ഇവിടത്തെ ഒരു മാനേജര്‍ക്കു കിട്ടിയതാണു്‌. അതാണു്‌ ഇപ്പോള്‍ ശരണം. യൂണിക്കോഡും വരമൊഴിയുമെല്ലാം അതിലാണു്‌. വൈകുന്നേരം വീട്ടിലിരുന്നു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ കുറേ കൊടിലുകളും ചോദ്യചിഹ്നങ്ങളുമൊക്കെ കാണുമ്പോള്‍ അവ വായിക്കുവാന്‍ ഒരു രാത്രി കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം. മലയാളം ലിനക്സിലും വായിക്കാന്‍ സംവിധാനം ദയവുചെയ്തു്‌ ആരെങ്കിലും ഉണ്ടാക്കണേ! അവര്‍ക്കു്‌ അഡ്വാന്‍സായി ഒരുപാടു നന്ദി.