Thursday, January 20, 2005

വികലസന്ധികള്‍ - 2

കഴിഞ്ഞ ചിന്ത തുടരുന്നു:

മലയാളരീതിയില്‍ പാര്‍വ്വതി + ഈശന്‍ = പാര്‍വ്വതിയീശന്‍ എന്നും ആവാം. എങ്കിലും അതു പാര്‍വ്വതേശന്‍ ആകാന്‍ തരമില്ല.

ഒരുപക്ഷേ, ആരെങ്കിലും പര്‍വ്വതേശന്‍ (പര്‍വ്വത + ഈശന്‍) എന്ന വാക്കു്‌ ഇംഗ്ലീഷ്‌ ലിപിയില്‍ parvatheshan എന്നോ മറ്റോ എഴുതിയപ്പോള്‍ അതിനെ പാര്‍വ്വതേശന്‍ എന്നു്‌ അറിയാതെ വായിച്ചുപോയതായിരിക്കാം. രണ്ടും ശിവന്‍ തന്നെയാണല്ലോ.

ആര്‍ക്കെങ്കിലും "രഘുപതി ശ്രീ രാമചന്ദ്ര..." എന്ന പാട്ടറിയുമോ? അതില്‍ "പാര്‍വ്വതേശാ" എന്നാണു്‌ സാധാരണ പാടുന്നതു്‌. അതേതായാലും തെറ്റാണു്‌. ശരിയായി "പര്‍വ്വതേശാ" എന്നാണോ അതോ "പാര്‍വ്വതീശാ" എന്നാണോ?

2 Comments:

At 3:43 AM, Blogger രാജ് said...

പ്രിയ ഉമേഷ്‌,

അഞ്ചാം തരത്തില്‍ ഏതോ കുറച്ചു സംസ്‌കൃതം വാക്യങ്ങള്‍ ചൊല്ലിപ്പഠിച്ചതല്ലാതെ എനിക്ക്‌ സംസ്‌കൃതവുമായി ഒരു ബന്ധവുമില്ല. മലയാളത്തിന്റെ കാര്യം പിന്നെ പറയുകയേ വേണ്ട, പഠിച്ചതെല്ലാം എങ്ങിനെ മറന്നുവെന്നു ചോദിച്ചാല്‍ സര്‍വ്വേശ്വരനുമാത്രം അറിയാം. പഠനത്തിന്റെ കാര്യത്തെ കുറിച്ച്‌ തിരക്കുന്ന സുഹൃത്തുക്കളോടെ ഞാന്‍ പറയുമായിരുന്നു, 'അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പത്നിയെപ്പോലെയാണ്‌ എനിക്ക്‌ പഠിത്തത്തെ കുറിച്ചുള്ള ഓര്‍മ്മകളെന്ന്.' എങ്കിലും താങ്കളുടെ രണ്ടു ബ്ലോഗുകളും ഞാന്‍ വളരെയധികം ആസ്വദിക്കുന്നു. തിരക്കുകളുണ്ടെങ്കിലും സമയം കണ്ടെത്തി വായിക്കുന്നു. തുടര്‍ന്നും എഴുതുക.

സ്നേഹാശംസകളോടെ
പെരിങ്ങോടന്‍.

 
At 5:40 PM, Blogger ഉമേഷ്::Umesh said...

പ്രിയപ്പെട്ട പെരിങ്ങോടനു്‌,

ഞാനും ഇതുവരെ സംസ്കൃതം വിദ്യാലയത്തില്‍ പോയി പഠിച്ചിട്ടില്ല. സ്വയമേവ പഠിച്ച അല്‍പജ്ഞാനം മാത്രമേ ഉള്ളൂ. പക്ഷേ, "അല്‍പജ്ഞാനം അപകടം" എന്നു ഞാന്‍ കരുതുന്നില്ല. കാരണം, എല്ലാവരുടെയും ജ്ഞാനം അല്‍പമാണെന്നതു തന്നെ. അല്‍പജ്ഞാനത്തെ പുറത്തുകാട്ടി കൂടുതല്‍ ജ്ഞാനമുള്ളവരെക്കൊണ്ടു തിരുത്തിച്ചു്‌ അതിനെ പൂര്‍ണ്ണതയിലേക്കു കൂടുതല്‍ അടുപ്പിക്കുന്നതാണു്‌ ശരിയായ രീതി എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണു്‌ ഞാന്‍ ഇങ്ങനെയൊരു സാഹസത്തിനു തുടങ്ങിയതു്‌.

മലയാളത്തിലും സംസ്കൃതത്തിലും വിവരമുള്ള ആളുകള്‍ ഇതു വായിക്കുകയും എന്നെ തിരുത്തുകയും ചെയ്യും എന്നൊരു പ്രതീക്ഷ എനിക്കുണ്ടു്‌. എന്നാണോ യൂണികോഡ്‌ എല്ലാവര്‍ക്കും വായിക്കാന്‍ പറ്റുന്നതു്‌ എന്തോ?

ഇതു വായിക്കുന്നതിനും അഭിപ്രായങ്ങളും തിരുത്തുകളും എഴുതുന്നതിനും വളരെ നന്ദി. താങ്കളെപ്പോലെയുള്ള ആളുകളുടെ മലയാളം ബ്ലോഗുകളാണു്‌ എന്നെ ഈ സംരംഭത്തിനു പ്രേരിപ്പിച്ചതു്‌. ആ അര്‍ത്ഥത്തില്‍ നിങ്ങളൊക്കെ എനിക്കു ഗുരുസ്ഥാനീയരാണു്‌ - ഏകലവ്യനു ദ്രോണാചാര്യരെനാപോലെ.

വളരെ നന്ദി. ഇനിയും എഴുതാന്‍ ശ്രമിക്കാം. തെറ്റുകള്‍ തിരുത്തുമല്ലോ.

- ഉമേഷ്‌

 

Post a Comment

<< Home