Monday, April 30, 2007

ഗാംഗേയന്റെ അമ്മ

(പെരിങ്ങോടന്റെ ഗാംഗേയന്‍ എന്ന കഥയും അതിനു ഡാലി ഇട്ട കമന്റുമാണു് ഈ കഥയ്ക്കു പ്രചോദനം. ഇതു വായിക്കുന്നതിനു മുമ്പു് ദയവായി അവ വായിക്കുക.)

നദീതീരത്തു കാറ്റു വീശുന്നുണ്ടായിരുന്നു.

ഗംഗ ധരിച്ചിരുന്ന മുട്ടോളമെത്തുന്ന വസ്ത്രം കാറ്റത്തു് ഇളകിപ്പൊങ്ങി. എങ്കിലും നദീതീരത്തു കാറ്റു കൊള്ളാന്‍ വന്നവരും ബോട്ടില്‍ അക്കരയ്ക്കു പോകാന്‍ വെമ്പുന്നവരുമായ പുരുഷന്മാര്‍ ഒളികണ്ണിട്ടു പോലും നോക്കിയില്ല.

ഇതുപോലെയുള്ള ഒരു കാറ്റാണു് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതു്, അവള്‍ ഓര്‍ത്തു.

അന്നു നദിയില്‍ ഇതില്‍ കൂടുതല്‍ വെള്ളമുണ്ടായിരുന്നു. യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പഠനശിബിരത്തില്‍ പങ്കെടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന ഒരു ചെറിയ സംഘം നദീതീരത്തുള്ള കല്ലുകളുടെയും മറിഞ്ഞുവീണ വൃക്ഷങ്ങളുടെയും പുറത്തും മണല്‍ത്തിട്ടയിലുമായി വട്ടത്തില്‍ കൂടിയിരുന്നു.

അതു നടന്നതു കഴിഞ്ഞ ജന്മത്തിലാണു് എന്നാണു് ഇപ്പോള്‍ തോന്നുന്നതു്. താന്‍ വാര്‍ദ്ധക്യവും ജരാനരകളും മരണവും ഇല്ലാത്ത ഒരു അമരസുന്ദരിയാണു് എന്നു ചിന്തിച്ച കാലം. വടിവൊത്ത ശരീരത്തില്‍ ആവശ്യത്തിനു മാത്രം വസ്ത്രം ധരിച്ചു്, അവയ്ക്കു് അല്‍പം സ്ഥാനചലനം സംഭവിക്കുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും തനിക്കു നേരേ നീളുന്ന കഴുകന്‍കണ്ണുകളെ കണ്‍കോണില്‍ക്കൂടി കണ്ടു് ആനന്ദിച്ചു്, കിലുകിലെ ചിരിച്ചു്, അവള്‍‍ ഒഴുകിയൊഴുകി നടന്നു. പകുതി ദേഹം പോലും ഭാര്യയ്ക്കു തീറെഴുതിക്കൊടുത്ത കാരണവന്മാരുടെ വെള്ളെഴുത്തു ബാധിച്ച മൂന്നാം കണ്ണുകളില്‍ പോലും ആസക്തിയുടെ കണങ്ങള്‍ കണ്ടപ്പോള്‍ തന്റെ അമരത്വത്തില്‍ അവള്‍ അഹങ്കരിക്കുകയായിരുന്നു.

അപ്പോഴാണു് ഇതുപോലെയൊരു കാറ്റു് അവളുടെ പാവാട ഉയര്‍ത്തിപ്പറപ്പിച്ചതു്. അപ്പോള്‍ത്തന്നെയാണു് ഒട്ടുമാറി താഴെ മണല്‍ത്തിട്ടില്‍ ഇരുന്നിരുന്ന, മീശ മുളച്ചിട്ടില്ലാത്ത കിളുന്തുപയ്യന്റെയും അവളുടെയും കണ്ണുകള്‍ തമ്മിലിടഞ്ഞതു്. ജാള്യവും കുസൃതിയും നിറഞ്ഞ രണ്ടു് അമര്‍ത്തിയ ചിരികള്‍ പരസ്പരം കൈമാറാതിരിക്കാന്‍ കഴിഞ്ഞില്ല്ല.

അടുത്ത തവണ മറ്റാരും അടുത്തില്ലാതിരുന്ന സന്ദര്‍ഭത്തില്‍ അവന്‍ ഈ വിഷയം എടുത്തിടുമെന്നു അവള്‍‍ കരുതിയില്ല. അവളുടെ വടിവൊത്ത കാലുകളെപ്പറ്റി അവന്‍ കവിത എഴുതിയത്രേ! അവളെക്കാണാതെ അവനു് ഒരു നിമിഷം പോലും ഇരിക്കാന്‍ സാദ്ധ്യമല്ലത്രേ!

താന്‍ പോകുന്നിടത്തെല്ലാം നിഴല്‍ പോലെ പിന്തുടര്‍ന്ന അവന്‍ അവള്‍ക്കു് ഒരു മഹാശല്യമായി മാറി. ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും അവന്‍ കൂടുതല്‍ ഒട്ടിച്ചേരാന്‍ തുടങ്ങി. അവസാനം താക്കീതു നല്‍കി അവളെ കോളേജില്‍ നിന്നു പുറത്താക്കുന്നതു വരെ എത്തി കാര്യങ്ങള്‍. മുള്ളിന്റെയും ഇലയുടെയും ഉപമ കേട്ടിട്ടുള്ളതുകൊണ്ടു് അതില്‍ ആശ്ചര്യം തോന്നിയില്ല.

പഠിത്തം അവസാനിപ്പിച്ചിട്ടും അവന്റെ ശല്യം മാറിയില്ല. കത്തായും ഇ-മെയിലായും ചാറ്റായും സ്ക്രാപ്പായും അവന്‍ തന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അവസാനം എല്ലാ ഐഡികളും വിലാസങ്ങളും ഉപേക്ഷിച്ചു് ഒരു പുതിയ ജന്മത്തിലേക്കു യാത്രയായി.

മറന്നുവെന്നു കരുതിയ ഒരു ദിവസം അവനെ പിന്നെയും ഓര്‍ത്തു. അപ്പോഴാണു് അവന്റെ യഥാര്‍ത്ഥ പേരു പോലും തനിക്കറിയില്ല എന്നു് അവള്‍ മനസ്സിലാക്കിയതു്. "മഹാഭിഷക്‌" എന്നൊരു ചാറ്റ് പ്രൊഫൈല്‍ പേരു മാത്രമേ (ഒരു വലിയ ഡോക്ടറാകാനായിരുന്നത്രേ അവന്റെ ആഗ്രഹം) അവന്റേതായി അവള്‍ക്കറിയുമായിരുന്നുള്ളൂ.

പിന്നീടൊരിക്കലും അവനെ കാണുമെന്നു കരുതിയില്ല. കണ്ടപ്പോഴാകട്ടേ, അതു് അവളുടെ രണ്ടാം ജന്മമായിരുന്നു.

ശന്തനു എന്നായിരുന്നു അവന്റെ പേരു്. അന്നാട്ടിലെ ഏറ്റവും വലിയ കുടുംബത്തിലെ ഒരേയൊരു അവകാശി. വെപ്പാട്ടികള്‍ അനേകമുണ്ടായിരുന്നെങ്കിലും വിവാഹം കഴിക്കാന്‍ കൂട്ടാക്കാതെ കുലത്തിന്റെ അന്തകനാകാന്‍ കച്ചകെട്ടിയിറങ്ങിയവന്‍.

സ്ത്രീലമ്പടത്വം അവന്റെ ജീനില്‍ ഉള്ളതാണു്. അവന്റെ ഒരു വല്യപ്പൂപ്പന്‍ വയസ്സുകാലത്തു സ്വന്തം യൌവനം തിരിച്ചുകിട്ടാന്‍ ഒരു മന്ത്രവാദിയെക്കൊണ്ടു സ്വന്തം മകന്റെ വരിയുടച്ചത്രേ. മറ്റൊരപ്പൂപ്പന്‍ ഒരു കാട്ടുപെണ്ണിനെ ഗര്‍ഭിണിയാക്കിയതും അവള്‍ തറവാട്ടില്‍ വന്നു ഗര്‍ഭസത്യാഗ്രഹമിരുന്നതും നാട്ടിലെല്ലാം പ്രസിദ്ധമായ കാര്യമാണു്. ഒരു അംനീഷ്യയുടെ സുരക്ഷ സ്തുതിപാഠകന്മാര്‍ അയാള്‍ക്കു കൊടുത്തു രക്ഷിക്കാന്‍ നോക്കിയെങ്കിലും അധികമാരും അതു വിശ്വസിച്ചിട്ടില്ല.

ആകസ്മികമായി ആയിരുന്നു രണ്ടാമത്തെ കണ്ടുമുട്ടല്‍. വെറുപ്പോടെ മുഖം തിരിക്കുകയാണു് അവള്‍ ആദ്യം ചെയ്തതു്.

വെറുപ്പു് സഹതാപവും സഹതാപം വാത്സല്യവും വാത്സല്യം സ്നേഹവുമായി മാറിയതു് എങ്ങനെയാണെന്നു ഗംഗയ്ക്കോര്‍മ്മയില്ല. തന്നെയോര്‍ത്തു വര്‍ഷങ്ങളായി ഒരാള്‍ കാത്തിരിക്കുന്നു എന്നു കേട്ടതു് അവള്‍ വിശ്വസിച്ചു. അവളുടെ പഴയ ഒരു ചിത്രം‍ ഫ്രെയിം ചെയ്തു തന്റെ പഠനമുറിയില്‍ സൂക്ഷിച്ചിരുന്നതു് അവന്‍ കാണിച്ചു. എന്നും അവന്‍ ആ പടവും കെട്ടിപ്പിടിച്ചാണു് ഉറങ്ങിയിരുന്നതത്രേ!

തന്റെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന മഹാരോഗത്തിന്റെ വിവരം അവള്‍ അവനില്‍ നിന്നു മറച്ചുവെച്ചു. ജരണവും മരണവും ബാധിക്കാത്തവളാണു താനെന്ന അഹങ്കാരത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ടു് ഏതാനും മാസം മുമ്പാണു് അതു കടന്നുവന്നതു്. ആകാശത്തില്‍ നിന്നു പാതാളത്തിലേക്കള്ള പതനത്തിനിടയില്‍ താങ്ങായി ഒരു ശിരസ്സു് അവള്‍ കൊതിക്കുകയായിരുന്നു.

എങ്കിലും കുളിക്കടവുകളിലും ഞാറു നടുന്ന പെണ്ണുങ്ങളിലും നീണ്ടുചെല്ലുന്ന അവന്റെ കണ്ണുകള്‍ അവള്‍ക്കു കണ്ടില്ലെന്നു നടിക്കാനായില്ല. നഗ്നത അവന്റെ ഒരു ദൌര്‍ബല്യമായിരുന്നു. എന്നിട്ടും അവന്റെ വിവാഹാഭ്യര്‍ത്ഥനയ്ക്കു് അവള്‍ വഴങ്ങി.

വിവാഹം കഴിക്കുന്നതിനു മുമ്പു് രണ്ടു വ്യവസ്ഥകള്‍ മുന്നോട്ടു വെച്ചു. ഒന്നു്, താമസിയാതെ താന്‍ അവനെ വിട്ടുപോകും. രണ്ടു്, തങ്ങള്‍ക്കു കുട്ടികള്‍ ഉണ്ടാകാന്‍ പാടില്ല.

താന്‍ പോയാല്‍ തന്റെ കുട്ടികളുടെ സ്ഥിതിയെന്താണെന്നു് അവള്‍ വ്യാകുലപ്പെട്ടു. ഏതെങ്കിലും അപ്സരസ്സിന്റെയോ അരയത്തിയുടെയോ തുണി അല്പം മാറിയാല്‍ ഹാലിളകി അവളെ സ്വന്തമാക്കാന്‍ എന്തു നീചകൃത്യവും ചെയ്യാന്‍ ഇവന്‍ മടിക്കില്ല. അവളും അവളുടെ കുടുംബക്കാരും ചേര്‍ന്നു് തന്റെ മക്കളെ എന്തു വേണമെങ്കിലും ചെയ്തേക്കാം. സ്വത്തിനു കണക്കു പറയാന്‍ കുട്ടികളുണ്ടാകാതിരിക്കാന്‍ തന്റെ മക്കളുടെയും വരിയുടയ്ക്കുവാന്‍ ആ തന്ത കൂട്ടുനിന്നേക്കാം. പിന്നെ അവളുടെ മക്കള്‍ക്കു കൂട്ടിക്കൊടുക്കാന്‍ പെണ്ണന്വേഷിച്ചും പുത്രവധുക്കളും പൌത്രവധുക്കളും പിഴച്ചു പ്രസവിക്കുന്ന കുട്ടികള്‍ തമ്മിലടിക്കുമ്പോള്‍ മദ്ധ്യസ്ഥത വഹിക്കാനും തന്റെ മകന്‍ പോകേണ്ടി വന്നേക്കാം. ഉദ്ധാരണശേഷിയില്ലാത്ത പിതാമഹന്‍ എന്ന പേരു സമ്പാദിച്ചു് അവസാനകാലം ശരശയ്യയില്‍ കഴിയാനാകും അവന്റെ വിധി.

വേണ്ടാ, എനിക്കു് ഒരു കുഞ്ഞു വേണ്ടാ.

വ്യവസ്ഥകള്‍ പാലിക്കാന്‍ അവനു താത്‌പര്യം കുറഞ്ഞുവന്നു. അവളുടെ സൌന്ദര്യത്തെയോ അവന്റെ സുഖത്തെയോ അല്പമെങ്കിലും കുറയ്ക്കുന്ന ഒരു മുന്‍‌കരുതലിനും അവന്‍ തയ്യാറായിരുന്നില്ല. കാമപൂരണത്തിനു മുന്നില്‍ ദിവസങ്ങളുടെ കണക്കുകളും അവന്‍ മറന്നുപോയിരുന്നു. ഒരു സാമ്രാജ്യം വെട്ടിപ്പിടിച്ച കൈക്കരുത്തിന്റെ മുന്നില്‍ അവളുടെ എല്ലാ ശക്തിയും ചോര്‍ന്നുപോയിരുന്നു. സാധാരണക്കാരുടെ അറപ്പുപോലും അവനൊരു ശീലമായി മാറിയിരുന്നു.

തന്റെ കുഞ്ഞിനെ ഏതു മികച്ച യന്ത്രത്തേക്കാളും മുന്നേ അവള്‍ അറിഞ്ഞു. ഉദരത്തില്‍ കുഞ്ഞു നാമ്പെടുക്കുമ്പോള്‍ അവളുടെ മുല ചുരന്നിരുന്നു. സീസണല്ലാത്ത കാലത്തു പോലും പപ്പായ കിട്ടുന്ന ഗ്രാമത്തിലേക്കു രണ്ടു മണിക്കൂറിന്റെ വഴിയേ ഉണ്ടായിരുന്നുള്ളൂ. അവന്‍ കാണാതെ അതു സൂക്ഷിച്ചു വെയ്ക്കാന്‍ അവന്റെ സ്റ്റോര്‍‌റൂമിലെ തന്റെ ഫോട്ടൊയുടെ പിറകിലുള്ള സ്ഥലം ധാരാളം.

ഏഴു തവണ അവനറിഞ്ഞില്ല. ഏഴു കുഞ്ഞുങ്ങള്‍ക്കു ശാപമോക്ഷം കൊടുത്തു. പുത് എന്ന നരകത്തില്‍ അവന്‍ കിടന്നലയുമ്പോള്‍ അവര്‍ മുകളില്‍ നിന്നു കൈകൊട്ടിച്ചിരിക്കട്ടേ.

കണ്ടുപിടിച്ചതു് അവന്റെ അമ്മയാണു്. അവര്‍ കൂടെ വന്നു താമസിക്കാന്‍ തുടങ്ങിയതോടെ പപ്പായ സൂക്ഷിക്കല്‍ ഒരു പ്രശ്നമായി. അവരുടെ “മച്ചി” എന്ന വിളി കേട്ടില്ലെന്നു നടിച്ചു. പക്ഷേ വീടിന്റെ ഓരോ മൂലയും അരിച്ചുപെറുക്കുന്ന അവരുടെ കണ്ണുകളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

പിന്നെയുള്ള ജീവിതം തീവ്രപരിചരണത്തിന്റേതായിരുന്നു. പറഞ്ഞ സമയത്തു് എത്താത്ത മരണത്തെ അവള്‍ ശപിച്ചു.

അങ്ങനെ ഇവന്‍ ജനിച്ചു-ഗാംഗേയന്‍. കഴിഞ്ഞ ജന്മത്തില്‍ ഇവനും ചെയ്തിട്ടുണ്ടാവാം എന്തോ വലിയ പാപം.

കുഞ്ഞു ജനിച്ചതോടെ തീവ്രപരിചരണത്തിന്റെ ശക്തി അല്പം കുറഞ്ഞു. ഒരു രാത്രി കുഞ്ഞിനെ എടുത്തുകൊണ്ടു് അവള്‍ ‍ നാടുവിട്ടു. ശേഷിച്ച ജീവിതം ഗാംഗേയനു വേണ്ടി ജീവിക്കാന്‍ അവള്‍ ആഗ്രഹിച്ചു.

രോഗം അനുദിനം മൂര്‍ച്ഛിച്ചുവന്നു. അവള്‍‍ ആശുപത്രിയില്‍ നിത്യസന്ദര്‍ശകയായി.

എന്നു വേണമെങ്കിലും മരിക്കാം എന്നു തോന്നിയ ഒരു ദിവസം മകനോടു് അവന്റെ അച്ഛന്റെ വിവരം പറഞ്ഞു. പ്രതാപിയായ അച്ഛന്റെ അടുത്തുനിന്നു് തന്നെ അടര്‍ത്തിമാറ്റിയ അമ്മയെ ഗാംഗേയന്‍ ചീത്തപറഞ്ഞു. അച്ഛന്റെ അടുത്തേക്കു് മടങ്ങിപ്പോകണമെന്നു് വാശിപിടിച്ചു. ഈ വയറ്റില്‍ വന്നു പിറന്നതില്‍ വ്യസനിച്ചു. അവള്‍ ചെയ്യരുതാത്തതു ചെയ്തവളാണെന്നു മുദ്രകുത്തി.

അങ്ങനെ ഇന്നു് അതേ നദീതീരത്തുവെച്ചു് അവനു് അവന്‍ തനിക്കു നല്‍കിയ മകനെ തിരിച്ചുകൊടുക്കാന്‍ എത്തിയതാണു ഗംഗ.

ഗൌണ്‍ കാറ്റത്തു് വല്ലാതെ ഇളകിപ്പറക്കുന്നു. ഇപ്പോള്‍ ആശുപത്രിക്കാര്‍ വെറുതേ തന്ന ഗൗണുകള്‍ മാത്രമേയുള്ളൂ വസ്ത്രങ്ങളായി. ഗാംഗേയന്റെ പഠിപ്പിനും ആശുപത്രിച്ചെലവിനുമായി കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കി. അല്ലെങ്കില്‍ത്തന്നെ അകാലവാര്‍ദ്ധക്യം ബാധിച്ചു മൊട്ടത്തലയും ശുഷ്കിച്ച ദേഹവുമായി നടക്കുന്ന തനിക്കെന്തിനു വസ്ത്രം?

അവന്‍ തന്നെ കാണരുതു്. അവന്റെ മനസ്സില്‍ ഇപ്പോഴും താന്‍ കടഞ്ഞെടുത്തതുപോലെയുള്ള അവയവങ്ങളുള്ള ഗംഗയാണു്. ഒറ്റമുലച്ചിയും മൊട്ടത്തലച്ചിയും വിരൂപയുമായ തന്നെ തന്റെ മകന്റെ അമ്മയായി കാണാന്‍ അവന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.

മകനേ, എന്നോടു ക്ഷമിക്കൂ. ഏഴു മക്കളെ കുരുതി കൊടുത്തപ്പോള്‍ തോന്നാത്ത നൊമ്പരം നിന്നെ ഈ ദുര്‍‌വിധിയിലേക്കു തള്ളിയിടുമ്പോള്‍ ഞാന്‍ അനുഭവിക്കുന്നു. പക്ഷേ എനിക്കിതേ കഴിയൂ. എന്റെ ശിഷ്ടജീവിതം മാലിന്യങ്ങളുടെയും ശവങ്ങളുടെയും പാപികളുടെയും കൂടെയാണു്. ഇനിയും താഴേയ്ക്കു വീഴുമ്പോള്‍ എന്നെ തലയില്‍ താങ്ങാന്‍ ഇനി ആരുമില്ല.

ശന്തനു ഗാംഗേയനുമൊത്തു നടന്നുമറയുന്നതു് കണ്ണില്‍ നിന്നു മായുന്നതുവരെ ഗംഗ നോക്കി നിന്നു. പിന്നെ തിരിഞ്ഞുനടന്നു, എല്ലാ പാപികളുടെയും പാപങ്ങള്‍ ഏറ്റുവാങ്ങാന്‍...

Labels: