Thursday, May 05, 2005

രാപ്പകലും രാപകലും - 2

എന്റെ "രാപ്പകലും രാപകലും" എന്ന ലേഖനത്തിനു പല അഭിപ്രായങ്ങളും ഉണ്ടായി. കമന്റുകളില്‍ പല നിറങ്ങള്‍ കാണിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ടു്‌ ഞാന്‍ അതിനെ വേറൊരു ലേഖനമാക്കുന്നു.

വിശ്വപ്രഭ ഇങ്ങനെ പറഞ്ഞു:മറ്റു സമാസങ്ങളില്‍ വ്യക്തമായ ദ്വിത്വസന്ധിയെക്കുറിച്ച് രാ.രാ.വര്‍മ്മ തന്നെ പറഞ്ഞിട്ടുണ്ട്.
ഉദാ: രാക്കുയില്‍ , തീപ്പുക, രാപ്പനി, രാക്കുളിര്‍, പൂക്കൂട, വാക്കത്തി


വിശ്വം കൊടുത്ത ഉദാഹരണങ്ങളെല്ലാം തത്പുരുഷസമാസത്തിന്റെ ഉദാഹരണങ്ങളാണു്‌. ദ്വന്ദ്വസമാസത്തിന്റേതല്ല. തത്പുരുഷനില്‍ ഉത്തരപദത്തിനാണു പ്രാധാന്യം. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ഇതിനെപ്പറ്റി കൂടുതല്‍ ഈ ലേഖനത്തില്‍ വായിക്കാം.

രാക്കുയില്‍ = രാ + കുയില്‍ = രാത്രിയിലെ (രാത്രിയില്‍ പാട്ടുപാടുന്ന) കുയില്‍.
(രാപ്പനി, രാക്കുളിര്‍ എന്നിവയും ഇതുപോലെ തന്നെ.)
തീപ്പുക = തീ + പുക = തീയുടെ പുക
പൂക്കൂട = പൂ + കൂട = പൂവിടുന്ന (പൂവുള്ള) കൂട
വാക്കത്തി = വാ + കത്തി = വായുള്ള (വായ്ത്തലയുള്ള) കത്തി

ഈ ഉദാഹരണങ്ങളില്‍ കുയിലും പുകയും കൂടയും കത്തിയുമാണു പ്രധാനപദങ്ങള്‍ എന്നു്‌ (പൂര്‍വ്വപദം അതിന്റെ വിശേഷണം മാത്രമാണു്‌.) വ്യക്തമല്ലേ?

നേരേ മറിച്ചു്‌, രാപകല്‍ = രായും പകലും, രായ്ക്കും പകലിനും തുല്യപ്രാധാന്യമാണു്‌. കൈകാല്‍, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ എന്നിവയിലും സ്ഥിതി ഇതു തന്നെയാണു്‌.'രാ' + പകല്‍ ആണോ 'രാവ്‌' + പകല്‍ ആണോ?
'രാ', 'നീ', 'തീ' എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.


എന്നു വിശ്വം പറഞ്ഞതു്‌ എനിക്കു മനസ്സിലാകുന്നില്ല. തീ, എടീ, മാന്യരേ, നേരേ, വാ (വരൂ എന്നര്‍ത്ഥത്തില്‍), വരൂ തുടങ്ങിയവയില്‍ ദീര്‍ഘസ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകളല്ലേ? (ഈ വാക്യവും അവസാനിച്ചതു ദീര്‍ഘസ്വരത്തിലല്ലേ?)

വാ കുരുവീ, വരു കുരുവീ
വാഴക്കൈമേലിരി കുരുവീ

എന്ന പാട്ടും ഓര്‍ക്കുക.'രാ' + പകല്‍ ആണോ 'രാവ്‌' + പകല്‍ ആണോ?
'രാ', 'നീ', 'തീ' എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

രണ്ടാമത്തേതാണെങ്കില്‍ 'വ്' എവിടെപ്പോയി? അതിനുപകരമല്ലേ 'പ' അധികം വരുന്നത്?


യോജിക്കാന്‍ പറ്റുന്നില്ല. രാവ്‌ + പകല്‍ എന്നതില്‍ എങ്ങനെയാണു വകാരം പോയി പകാരം വരുന്നതു്‌? ഇതിനു വേറേ ഉദാഹരണങ്ങള്‍ ഉണ്ടോ?

രാത്രി എന്നര്‍ത്ഥത്തില്‍ "രാ" എന്ന വാക്കു ഉപയോഗിക്കുന്നുണ്ടു്‌. രായ്ക്കുരാമാനം, പാതിരാ തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.ദ്വന്ദസമാസങ്ങളില്‍ പരപദദൃഢവ്യഞനം ഇരട്ടിക്കുകയില്ല എന്ന പൊതുനിയമത്തില്‍ പെടുത്തിയായിരിക്കണം രാപകല്‍ അമ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉച്ചാരണവിലക്ഷണം അനുഭവപ്പെടുന്നില്ലേ?


ഞാന്‍ വളരെക്കാലമായി രാപകല്‍ എന്നാണു്‌ ഉച്ചരിക്കാറു്‌. ഒരു ഉച്ചാരണവൈകല്യവും എനിക്കു തോന്നാറില്ല. (നിരൃതി തുടങ്ങിയവയെ അപേക്ഷിച്ചു നോക്കുമ്പോള്‍.) അതു തോന്നുന്നുണ്ടെങ്കില്‍ അതു നമ്മള്‍ "രാപ്പകല്‍" എന്നേ കേള്‍ക്കാറുള്ളൂ എന്നതുകൊണ്ടാണു്‌. "തീയും പുകയും" എന്നര്‍ത്ഥത്തില്‍ നാം തീപുകകള്‍ എന്നല്ലേ പറയാറുള്ളൂ?

മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മ "കല്യാണത്തിന്റെ ക്ഷണനമൊക്കെ കഴിഞ്ഞോ?" എന്നു
ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ടു്‌. അമ്മയോടു ഞാന്‍ പലപ്പൊഴും ചോദിച്ചിട്ടുണ്ടു്‌, തെറ്റാണെന്നറിഞ്ഞുകൊണ്ടു്‌ എന്തിനു്‌ ക്ഷണനം എന്ന വാക്കു്‌ ഉപയോഗിക്കുന്നു എന്നു്‌. (ക്ഷണനം = മുറിക്കല്‍, ക്ഷണം = invitation.) അമ്മ അതിനു മറുപടി പറഞ്ഞതു്‌ അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാവില്ല എന്നാണു്‌. പറഞ്ഞുപറഞ്ഞു ക്ഷണനവും മനോസുഖവും (മനസ്സുഖം അല്ലെങ്കില്‍ മനഃസുഖം ശരി) അഹോവൃത്തിയും (അഹര്‍വൃത്തി ശരി) ഒക്കെ ആളുകള്‍ക്കു ശരിയായിക്കഴിഞ്ഞിരിക്കുന്നു.

ഭാഷ വളരുന്നതുകൊണ്ടു്‌ ഇതൊക്കെ അംഗീകരിക്കാം എന്നു ചിലര്‍ പറയുന്നു. എനിക്കു പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല.

എന്റെ പഴയ ലേഖനത്തിന്റെ വാല്‍ക്കഷണങ്ങള്‍ കൂടി ദയവായി വായിക്കുക.

ഏച്ചുകെട്ടലുകള്‍:
  1. [2005/05/06] : "രാപകല്‍ വിവാദം" എന്ന തലക്കെട്ടു ശരിയല്ല എന്നു ചൂണ്ടിക്കാണിച്ച പോളിനു നന്ദി. അതു്‌ "രാപ്പകലും രാപകലും - 2" എന്നാക്കി മാറ്റി. തലക്കെട്ടു മാറ്റുമ്പോള്‍ ബ്ലോഗ്സ്പോട്ടിനു ചില കുഴപ്പങ്ങളുണ്ടായിരുന്നു. (It seems they index by the title, and the permanent link is created based on the title.) അവ ഇവിടെ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നു.

5 Comments:

At 11:03 PM, Blogger സുരേഷ് said...

അപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്‌. ഞനിത്ര കാലവും നല്ല ഈണത്തില്‍ രാപ്പകലോടും... എന്നാ പാടിക്കൊണ്ടിരുന്നത്‌. തെറ്റ്‌ തിരുത്തിയതിന്‌ നന്ദി. പിന്നെ പന്‍മന രാമചന്ദ്രന്‍ നായര്‍ എഴുതിയത്‌ ഒരിക്കല്‍ വായിച്ചിരുന്നു, പക്ഷേ അത്‌ രാപകലിനെക്കുറിച്ചല്ല. മേശപ്പുറം എന്നെഴുതുമ്പോഴുള്ള ഇരട്ടിപ്പ്‌ മേശയുടെ പുറം എന്നതിലെ "ഉടെ" അപ്രത്യക്ഷമാകുന്നതു കൊണ്ടാണെന്നൊ മറ്റൊ ആണ്‌ വായിച്ചത്‌. ഒാര്‍മ്മയില്ല ശരിക്കും.

ഉമേഷിനോട്‌ ഒരു അഭ്യര്‍ത്ഥനയുണ്ട്‌. ക്ഷുരകനെ അലട്ടിക്കൊണ്ടിരിക്കുന്ന സംവൃതോകാരത്തെക്കുറിച്ച്‌ ഒന്ന് വിശദമായി എഴുതിയാല്‍ കൊള്ളാം...

 
At 1:41 AM, Blogger Paul said...

ഉമേഷ്‌,
ഒരു വിവാദം എന്നു പറയുന്നതിനേക്കാള്‍ ചര്‍ച്ച എന്നു പറയുന്നതല്ലേ നല്ലത്‌? ഇനിയും കൂടുതല്‍ വ്യാകരണ സിദ്ധാന്തങ്ങളും ചര്‍ച്ചകളും പ്രതീക്ഷിക്കുന്നു.

 
At 8:14 AM, Blogger ഉമേഷ്::Umesh said...

You are right, Paul. It was my mistake. It seems I am too much concentrating on words, and not sentences and usages. In fact, I am not liking my prose. Need a lot of improvement there.

I'll correct it soon.

Thanks,

- Umesh

 
At 8:57 AM, Blogger ഉമേഷ്::Umesh said...

മേശയുടെ പുറമാണല്ലോ മേശപ്പുറം. നാം ഇവിടെ പുറത്തെപ്പറ്റിയാണു പറയുന്നതു്‌ - മേശയെപ്പറ്റിയല്ല. അതിനാല്‍ ഇതു്‌ ഉത്തരപദപ്രധാനി അഥവാ തത്പുരുഷന്‍ ആണു്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇതിലെ മേശ എന്നതു്‌ പുറം എന്നതിന്റെ വിശേഷണമായ മേശയുടെ എന്നതിന്റെ ചുരുക്കരൂപമാണു്‌. "വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വോത്തരപദങ്ങളായ്‌..." എന്ന നിയമം ഞാന്‍ രണ്ടിടത്തു പറഞ്ഞിട്ടുണ്ടല്ലോ.

പ്രൊഫ. പന്മന രാമചന്ദ്രന്‍ നായരും സി.വി. വാസുദേവഭട്ടതിരിയും മറ്റും ഇങ്ങനെയുള്ള തെറ്റുകളെപ്പറ്റി എഴുതിയിട്ടുള്ളതു ചെറുപ്പത്തില്‍ വായിച്ചിട്ടുണ്ടു്‌. മേശപ്പുറം ഓര്‍മ്മയില്ല. 1992-ല്‍ മുംബൈലേക്കു തീവണ്ടി കയറിയതോടെ ആനുകാലികങ്ങള്‍ വായിക്കുന്നതു നിന്നു. അമേരിക്കയിലെത്തിയപ്പോള്‍ പറയുകയും വേണ്ടാ. അതു കഴിഞ്ഞു്‌ ഇപ്പോഴാണു്‌ ഒരു ഉഷാറായതു്‌. ക്ഷുരകനെയും രാത്രിഞ്ചരനെയും പെരിങ്ങോടനെയും വിശ്വത്തെയും സൂര്യഗായത്രിയും ഏവൂരാനെയുമെല്ലാം മുഴുവന്‍ ആര്‍ത്തിയോടെ വായിക്കുന്നു. നിത്യവും മൊത്തം വായിക്കാന്‍ പറ്റാത്തതു പോളിനെയാണു്‌. അതു്‌ ആഴ്ചയിലൊരിക്കല്‍ സമയം കിട്ടുമ്പോള്‍.

എഴുതുന്ന എല്ലാവര്‍ക്കും നന്ദി. ഇവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്ന മനോജിനു നന്ദി. അഞ്ജലീപിതാവായ കെവിനു നന്ദി. വരമൊഴി എന്ന വരം ദാനം ചെയ്ത സിബുവിനു നന്ദി. അഭിപ്രായങ്ങള്‍ എഴുതുകയും തിരുത്തിത്തരികയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. തിരക്കുകള്‍ക്കിടയിലും മലയാളം വായിക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി.

തന്നത്താന്‍ ക്ഷൌരം ചെയ്യാത്ത എല്ലാവരെയും ക്ഷൌരം ചെയ്യുന്ന ക്ഷുരകനെ ക്ഷൌരം ചെയ്യുന്നതാരു്‌ എന്നൊരു പ്രഹേളികയുണ്ടു്‌. ഒന്നു ചോദിച്ചോട്ടേ : എന്താ ക്ഷുരകനും സംവൃതോകാരവും തമ്മിലുള്ള പ്രശ്നം?

- ഉമേഷ്‌

 
At 7:40 PM, Blogger സുരേഷ് said...

അല്ലിഷ്ടാ, ഇതിപ്പോ എപ്പഴാ സംവൃതനെ ഉപയോഗിക്കുക എന്നറിയുക? പത്രം വായിച്ചാല്‍ മിക്കവാറും സംവൃതോകാരം കാണാറില്ല. പഴയ ലിപിയിലെ നിയമങ്ങള്‍ എന്താണെന്നറിയുകയുമില്ല... പൊതുവായി എഴുതിയാല്‍ മതി...

 

Post a Comment

<< Home