Saturday, May 21, 2005

വരമൊഴി

വര + മൊഴി ആണു വരമൊഴി. വരകളില്‍ക്കൂടി പ്രകടമാകുന്ന മൊഴി. ലിഖിതഭാഷയെന്നര്‍ത്ഥം. ഇതിനു വിപരീതമായി സംസാരത്തില്‍ക്കൂടി പ്രകടിപ്പിക്കുന്ന മൊഴിയെ വായ്‍മൊഴി എന്നു പറയുന്നു.

സിബുവിന്റെ വരമൊഴിക്കു് ആ പേര്‍ വളരെ അന്വര്‍ത്ഥമാണു്. (ആ പേര്‍ നിര്‍ദ്ദേശിച്ച ആളിന്റെ പേര്‍ സിബു എവിടെയോ പറഞ്ഞിട്ടുണ്ടു്. ഇപ്പോള്‍ കിട്ടുന്നില്ല. ആ മഹാനു നമോവാകം.) നോക്കുക:

  • വരകള്‍ കൊണ്ടുള്ള മൊഴി. കമ്പ്യൂട്ടറിലെ പല വരയും കുറിയും കൊണ്ടു മലയാളം കാണിപ്പിക്കുന്ന വിദ്യ. അതാണല്ലോ വരമൊഴി.


  • മൊഴി എന്നതു വരമൊഴിയിലെ transliteration scheme ആണു്. വരം എന്നതിനു ശ്രേഷ്ഠം എന്നും അര്‍ത്ഥമുണ്ടു്. വരമൊഴിക്കു "ഏറ്റവും നല്ല transliteration scheme ഉള്ള വിദ്യ" എന്നും പറയാം. മൊഴി ഏറ്റവും intuitive ആയതിനാല്‍ ഇതും വരമൊഴിക്കു യോജിക്കും.


  • മലയാളികള്‍ക്കു്, പ്രത്യേകിച്ചു് കമ്പ്യൂട്ടറില്‍ എഴുതുന്ന മലയാളികള്‍ക്കു്, ഒരു വരമായി വന്ന മൊഴി എന്ന അര്‍ത്ഥവും പറയാം. വരമൊഴിയും അതിന്റെ പിന്‍ഗാമിയായ കീമാനും ഇല്ലായിരുന്നെങ്കില്‍ ഇത്രയും മലയാളബ്ലോഗുകളും ഗ്രൂപ്പുകളും ഇന്റര്‍നെറ്റില്‍ ഉണ്ടാകുമായിരുന്നോ എന്നു സംശയമാണു്. എനിക്കു് എറ്റവും സമഞ്ജസമായി തോന്നുന്നതു് ഈ അര്‍ത്ഥമാണു്.

മലയാളത്തിനു കിട്ടിയ ഈ വരദാനം ഏറ്റവും ഉപയോഗിക്കപ്പെടുന്നതു മലയാളം ബ്ലോഗുകളിലും അക്ഷരശ്ലോകഗ്രൂപ്പിലുമാണു്. വരമൊഴിയുടെ മാഹാത്മ്യം ശരിക്കറിയുന്നതു് അവരാണു് - സിബുവിനെക്കാളും. "കവിതാരസചാതുര്യം വ്യാഖ്യാതാ വേത്തി നോ കവിഃ സുതാസുരതസാമര്‍ഥ്യം ജാമാതാ വേത്തി നോ പിതാ" എന്ന രസികന്‍ സംസ്കൃതശ്ലോകത്തിന്റെ ചുവടുപിടിച്ചു് ഞാന്‍ ഇങ്ങനെ പറയട്ടേ:

വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും സുതയ്ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?

Friday, May 13, 2005

ശരിയും തെറ്റും

വ്യാകരണകാര്യങ്ങളെ ഒരു പുതിയ ബ്ലോഗിലേക്കു മാറ്റുകയാണു്‌. "ശരിയും തെറ്റും" എന്നായ്ക്കോട്ടേ പേരു്‌.

ഇങ്ങനെ ചെയ്തില്ലെങ്കില്‍ തെറ്റു മാത്രം കണ്ടുപിടിക്കുന്ന ഒരു ബോറന്‍ വൈയാകരണന്‍ മാത്രമാണു ഞാനെന്നു്‌ ആളുകള്‍ കരുതില്ലേ? വ്യാകരണമല്ലാത്ത പല കാര്യങ്ങളും എനിക്കു മലയാളത്തിലെഴുതാനുണ്ടു്‌. അവ ഈ "ഉമേഷിന്റെ മലയാളം ബ്ലോഗില്‍" കാണാം.

ഒരു വാക്കു കണ്ടിട്ടു്‌ അതുപോലെയാണു മറ്റു പല വാക്കുകളുമെന്നു തെറ്റിദ്ധരിച്ചു്‌ ഒരുപാടു്‌ അബദ്ധങ്ങള്‍ ഉണ്ടാകുന്നുണ്ടു്‌. രമേശന്‍ - പാര്‍വ്വതേശന്‍ (പാര്‍വ്വതിയുടെ ഈശന്‍ എന്ന അര്‍ത്ഥത്തില്‍), മാര്‍ദ്ദവം - ഹാര്‍ദ്ദവം, രാമായണം - സീതായണം, മനോരാജ്യം - മനോസാക്ഷി, അന്തസ്സത്ത - അന്തപ്പുരം എന്നിങ്ങനെ. ഇവയെപ്പറ്റി സ്ഥിരമായി എഴുതിയാലോ എന്നു കരുതുകയാണു്‌. "ശരിയും തെറ്റും" എന്ന ബ്ലോഗിന്റെ തുടക്കം അതു തന്നെ ആയ്ക്കോട്ടേ.

Sunday, May 08, 2005

മാതൃദിനചിന്തകള്‍

അമേരിക്കക്കാരുടെ മാതൃദിനത്തില്‍ ശങ്കരാചാര്യരുടെ മാതൃപഞ്ചകത്തില്‍ നിന്നുള്ള ഈ ശ്ലോകം ഓര്‍ത്തുപോയി:

ആസ്താം താവദിയം പ്രസൂതിസമയേ ദുര്‍വാരശൂലവ്യഥാ,
നൈരുച്യം, തനുശോഷണം, മലമയീ ശയ്യാ ച സാംവത്സരീ,
ഏകസ്യാപി ന ഗര്‍ഭഭാരഭരണക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയസ്തസ്യൈ ജനന്യൈ നമഃ

ഈ ശ്ലോകത്തിനു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ചെയ്ത ഈ തര്‍ജ്ജമയും വളരെ പ്രശസ്തമാണു്‌:

നില്‍ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചി കുറയും കാല, മേറും ചടപ്പും
പൊയ്ക്കോട്ടേ, കൂട്ടിടേണ്ടാ മലമതിലൊരു കൊല്ലം കിടക്കും കിടപ്പും,
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടുക്കുന്നതിന്‍ കൂലി പോലും
തീര്‍ക്കാവല്ലെത്ര യോഗ്യന്‍ മകനു, മതു നിലയ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍!

ഇതു പഴയ അമ്മയുടെ കഥ. പുതിയ അമ്മമാര്‍ക്കു്‌ അല്‍പം വ്യത്യാസമുണ്ടു്‌. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ, മുകളില്‍ ഉദ്ധരിച്ച ശ്ലോകത്തിനു രാജേഷ്‌ വര്‍മ്മയുടെ പാരഡി കാണുക:

പൊയ്പ്പോയീ പേറ്റുനോവിന്‍ കഥ, രുചികുറവിന്നുണ്ടു നല്ലൌഷധങ്ങള്‍
കയ്യല്‍പം വൃത്തികേടായിടുവതുമൊഴിവായ്‌ - വന്നുവല്ലോ ഡയപ്പര്‍,
ശോഷിക്കുന്നില്ല ദേഹം, "പുനരൊരു വിഷമം ഡോക്ടറേ, ഗര്‍ഭഭാരം
കൂടിത്തെല്ലൊന്നിളയ്ക്കാന്‍ തരിക ഗുളിക"യെന്നോതുമമ്മേ, തൊഴുന്നേന്‍!


Happy mother's day!

Friday, May 06, 2005

നന്ദി...

1992-ല്‍ മുംബൈലേക്കു തീവണ്ടി കയറിയതോടെ ആനുകാലികങ്ങള്‍ വായിക്കുന്നതു നിന്നു. അമേരിക്കയിലെത്തിയപ്പോള്‍ പറയുകയും വേണ്ടാ. അതു കഴിഞ്ഞു്‌ ഇപ്പോഴാണു്‌ ഒന്നു്‌ ഉഷാറായതു്‌. ക്ഷുരകനെയും രാത്രിഞ്ചരനെയും പെരിങ്ങോടനെയും വിശ്വത്തെയും സൂര്യഗായത്രിയെയും സുനിലിനെയും ഏവൂരാനെയുമെല്ലാം മുഴുവന്‍ ആര്‍ത്തിയോടെ വായിക്കുന്നു. നിത്യവും മൊത്തം വായിക്കാന്‍ പറ്റാത്തതു പോളിനെയാണു്‌. അതു്‌ ആഴ്ചയിലൊരിക്കല്‍ സമയം കിട്ടുമ്പോള്‍.

എഴുതുന്ന എല്ലാവര്‍ക്കും നന്ദി. ഇവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്ന മനോജിനു നന്ദി. അഞ്ജലീപിതാവായ കെവിനു നന്ദി. വരമൊഴി എന്ന വരം ദാനം ചെയ്ത സിബുവിനു നന്ദി. അഭിപ്രായങ്ങള്‍ എഴുതുകയും തിരുത്തിത്തരികയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. തിരക്കുകള്‍ക്കിടയിലും മലയാളം വായിക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി.

ഒരു ആഗ്രഹം കൂടിയുണ്ടു്‌. വീട്ടില്‍ എനിക്കു്‌ ഒരു linux machine ആണുള്ളതു്‌. ആപ്പീസിലും അതുതന്നെ. (പിന്നെ ഒരു solaris-ഉം.) ഇവറ്റകളില്‍ ഇതൊന്നും വായിക്കാന്‍ പറ്റുന്നില്ല. ആരെങ്കിലും വല്ല എക്സെല്‍ ഷീറ്റോ പ്രോജക്റ്റ്‌ ഫയലോ മറ്റോ അയച്ചാല്‍ വായിക്കാന്‍ വേണ്ടി ആപ്പീസില്‍ ഒരു ജാലകയന്ത്രം തന്നിട്ടുണ്ടു്‌ - പണ്ടു ജാംബവാന്‍ കണ്ണുകാണാതായപ്പോള്‍ സന്തതിപരമ്പരകള്‍ക്കു കൊടുത്തതു്‌ ഇവിടത്തെ ഒരു മാനേജര്‍ക്കു കിട്ടിയതാണു്‌. അതാണു്‌ ഇപ്പോള്‍ ശരണം. യൂണിക്കോഡും വരമൊഴിയുമെല്ലാം അതിലാണു്‌. വൈകുന്നേരം വീട്ടിലിരുന്നു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ കുറേ കൊടിലുകളും ചോദ്യചിഹ്നങ്ങളുമൊക്കെ കാണുമ്പോള്‍ അവ വായിക്കുവാന്‍ ഒരു രാത്രി കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം. മലയാളം ലിനക്സിലും വായിക്കാന്‍ സംവിധാനം ദയവുചെയ്തു്‌ ആരെങ്കിലും ഉണ്ടാക്കണേ! അവര്‍ക്കു്‌ അഡ്വാന്‍സായി ഒരുപാടു നന്ദി.

Thursday, May 05, 2005

രാപ്പകലും രാപകലും - 2

എന്റെ "രാപ്പകലും രാപകലും" എന്ന ലേഖനത്തിനു പല അഭിപ്രായങ്ങളും ഉണ്ടായി. കമന്റുകളില്‍ പല നിറങ്ങള്‍ കാണിക്കാന്‍ നിര്‍വ്വാഹമില്ലാത്തതുകൊണ്ടു്‌ ഞാന്‍ അതിനെ വേറൊരു ലേഖനമാക്കുന്നു.

വിശ്വപ്രഭ ഇങ്ങനെ പറഞ്ഞു:മറ്റു സമാസങ്ങളില്‍ വ്യക്തമായ ദ്വിത്വസന്ധിയെക്കുറിച്ച് രാ.രാ.വര്‍മ്മ തന്നെ പറഞ്ഞിട്ടുണ്ട്.
ഉദാ: രാക്കുയില്‍ , തീപ്പുക, രാപ്പനി, രാക്കുളിര്‍, പൂക്കൂട, വാക്കത്തി


വിശ്വം കൊടുത്ത ഉദാഹരണങ്ങളെല്ലാം തത്പുരുഷസമാസത്തിന്റെ ഉദാഹരണങ്ങളാണു്‌. ദ്വന്ദ്വസമാസത്തിന്റേതല്ല. തത്പുരുഷനില്‍ ഉത്തരപദത്തിനാണു പ്രാധാന്യം. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും. വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ഇതിനെപ്പറ്റി കൂടുതല്‍ ഈ ലേഖനത്തില്‍ വായിക്കാം.

രാക്കുയില്‍ = രാ + കുയില്‍ = രാത്രിയിലെ (രാത്രിയില്‍ പാട്ടുപാടുന്ന) കുയില്‍.
(രാപ്പനി, രാക്കുളിര്‍ എന്നിവയും ഇതുപോലെ തന്നെ.)
തീപ്പുക = തീ + പുക = തീയുടെ പുക
പൂക്കൂട = പൂ + കൂട = പൂവിടുന്ന (പൂവുള്ള) കൂട
വാക്കത്തി = വാ + കത്തി = വായുള്ള (വായ്ത്തലയുള്ള) കത്തി

ഈ ഉദാഹരണങ്ങളില്‍ കുയിലും പുകയും കൂടയും കത്തിയുമാണു പ്രധാനപദങ്ങള്‍ എന്നു്‌ (പൂര്‍വ്വപദം അതിന്റെ വിശേഷണം മാത്രമാണു്‌.) വ്യക്തമല്ലേ?

നേരേ മറിച്ചു്‌, രാപകല്‍ = രായും പകലും, രായ്ക്കും പകലിനും തുല്യപ്രാധാന്യമാണു്‌. കൈകാല്‍, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ എന്നിവയിലും സ്ഥിതി ഇതു തന്നെയാണു്‌.'രാ' + പകല്‍ ആണോ 'രാവ്‌' + പകല്‍ ആണോ?
'രാ', 'നീ', 'തീ' എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.


എന്നു വിശ്വം പറഞ്ഞതു്‌ എനിക്കു മനസ്സിലാകുന്നില്ല. തീ, എടീ, മാന്യരേ, നേരേ, വാ (വരൂ എന്നര്‍ത്ഥത്തില്‍), വരൂ തുടങ്ങിയവയില്‍ ദീര്‍ഘസ്വരങ്ങളില്‍ അവസാനിക്കുന്ന വാക്കുകളല്ലേ? (ഈ വാക്യവും അവസാനിച്ചതു ദീര്‍ഘസ്വരത്തിലല്ലേ?)

വാ കുരുവീ, വരു കുരുവീ
വാഴക്കൈമേലിരി കുരുവീ

എന്ന പാട്ടും ഓര്‍ക്കുക.'രാ' + പകല്‍ ആണോ 'രാവ്‌' + പകല്‍ ആണോ?
'രാ', 'നീ', 'തീ' എന്നിങ്ങനെ ദീര്‍ഘസ്വരങ്ങളില്‍ അവസാനിപ്പിക്കുന്ന വാക്കുകള്‍ അതേപടി ഉപയോഗിക്കുന്നത് വാമൊഴിയില്‍ മലയാളിക്കു തീരെ അപഥ്യമാണല്ലോ.

രണ്ടാമത്തേതാണെങ്കില്‍ 'വ്' എവിടെപ്പോയി? അതിനുപകരമല്ലേ 'പ' അധികം വരുന്നത്?


യോജിക്കാന്‍ പറ്റുന്നില്ല. രാവ്‌ + പകല്‍ എന്നതില്‍ എങ്ങനെയാണു വകാരം പോയി പകാരം വരുന്നതു്‌? ഇതിനു വേറേ ഉദാഹരണങ്ങള്‍ ഉണ്ടോ?

രാത്രി എന്നര്‍ത്ഥത്തില്‍ "രാ" എന്ന വാക്കു ഉപയോഗിക്കുന്നുണ്ടു്‌. രായ്ക്കുരാമാനം, പാതിരാ തുടങ്ങിയ പ്രയോഗങ്ങള്‍ നോക്കുക.ദ്വന്ദസമാസങ്ങളില്‍ പരപദദൃഢവ്യഞനം ഇരട്ടിക്കുകയില്ല എന്ന പൊതുനിയമത്തില്‍ പെടുത്തിയായിരിക്കണം രാപകല്‍ അമ്ഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഉച്ചാരണവിലക്ഷണം അനുഭവപ്പെടുന്നില്ലേ?


ഞാന്‍ വളരെക്കാലമായി രാപകല്‍ എന്നാണു്‌ ഉച്ചരിക്കാറു്‌. ഒരു ഉച്ചാരണവൈകല്യവും എനിക്കു തോന്നാറില്ല. (നിരൃതി തുടങ്ങിയവയെ അപേക്ഷിച്ചു നോക്കുമ്പോള്‍.) അതു തോന്നുന്നുണ്ടെങ്കില്‍ അതു നമ്മള്‍ "രാപ്പകല്‍" എന്നേ കേള്‍ക്കാറുള്ളൂ എന്നതുകൊണ്ടാണു്‌. "തീയും പുകയും" എന്നര്‍ത്ഥത്തില്‍ നാം തീപുകകള്‍ എന്നല്ലേ പറയാറുള്ളൂ?

മലയാളാദ്ധ്യാപികയായിരുന്ന എന്റെ അമ്മ "കല്യാണത്തിന്റെ ക്ഷണനമൊക്കെ കഴിഞ്ഞോ?" എന്നു
ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ടു്‌. അമ്മയോടു ഞാന്‍ പലപ്പൊഴും ചോദിച്ചിട്ടുണ്ടു്‌, തെറ്റാണെന്നറിഞ്ഞുകൊണ്ടു്‌ എന്തിനു്‌ ക്ഷണനം എന്ന വാക്കു്‌ ഉപയോഗിക്കുന്നു എന്നു്‌. (ക്ഷണനം = മുറിക്കല്‍, ക്ഷണം = invitation.) അമ്മ അതിനു മറുപടി പറഞ്ഞതു്‌ അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്കു മനസ്സിലാവില്ല എന്നാണു്‌. പറഞ്ഞുപറഞ്ഞു ക്ഷണനവും മനോസുഖവും (മനസ്സുഖം അല്ലെങ്കില്‍ മനഃസുഖം ശരി) അഹോവൃത്തിയും (അഹര്‍വൃത്തി ശരി) ഒക്കെ ആളുകള്‍ക്കു ശരിയായിക്കഴിഞ്ഞിരിക്കുന്നു.

ഭാഷ വളരുന്നതുകൊണ്ടു്‌ ഇതൊക്കെ അംഗീകരിക്കാം എന്നു ചിലര്‍ പറയുന്നു. എനിക്കു പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല.

എന്റെ പഴയ ലേഖനത്തിന്റെ വാല്‍ക്കഷണങ്ങള്‍ കൂടി ദയവായി വായിക്കുക.

ഏച്ചുകെട്ടലുകള്‍:
  1. [2005/05/06] : "രാപകല്‍ വിവാദം" എന്ന തലക്കെട്ടു ശരിയല്ല എന്നു ചൂണ്ടിക്കാണിച്ച പോളിനു നന്ദി. അതു്‌ "രാപ്പകലും രാപകലും - 2" എന്നാക്കി മാറ്റി. തലക്കെട്ടു മാറ്റുമ്പോള്‍ ബ്ലോഗ്സ്പോട്ടിനു ചില കുഴപ്പങ്ങളുണ്ടായിരുന്നു. (It seems they index by the title, and the permanent link is created based on the title.) അവ ഇവിടെ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നു.

Wednesday, May 04, 2005

രാപ്പകലും രാപകലും

സിനിമകളുടെ പേരിടുമ്പോള്‍ അബദ്ധം കാണിക്കുന്നതു പുതിയ വാര്‍ത്തയല്ല. സാക്ഷാല്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ പേരു്‌ "അമൃതം ഗമയഃ" എന്നാണു്‌. സംസ്കൃതമല്ലേ, ഗാംഭീര്യത്തിനു വേണ്ടി ഒരു വിസര്‍ഗ്ഗം ഇരുന്നോട്ടേ എന്നു കരുതിക്കാണും. "അമൃതം ഗമയ" എന്നാണു ശരിയായ രൂപം. അന്തപ്പുരം (അന്തഃപുരം ശരി) തുടങ്ങി വേറെയുമുണ്ടു്‌ ഉദാഹരണങ്ങള്‍.

ഉടനെ ഇറങ്ങാന്‍ പോകുന്ന ഒരു ചിത്രത്തിന്റെ വാര്‍ത്ത കണ്ടു - രാപ്പകല്‍. എന്താ, എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? പണ്ടു്‌ ഒന്നാം ക്ലാസ്സില്‍ പഠിച്ച "തീവണ്ടി" എന്ന പാട്ടാണു്‌ ഓര്‍മ്മ വരുന്നതു്‌:

കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി
...
രാപ്പകലോടും തീവണ്ടി
...

ഒന്നാം ക്ലാസ്സിലെ മലയാളം പുസ്തകത്തില്‍ മുതല്‍ നാം തെറ്റു പഠിക്കാന്‍ തുടങ്ങി എന്നു ചുരുക്കം. രാപ്പകല്‍ എന്ന തെറ്റായ രൂപം പ്രചരിക്കാന്‍ പ്രധാനകാരണം ഈ പാട്ടാണു്‌.

തുല്യപ്രാധാന്യമുള്ള രണ്ടു വാക്കുകള്‍ സമാസിക്കുമ്പോള്‍ (വ്യാകരണത്തില്‍ ഇതിനു്‌ ദ്വന്ദ്വസമാസം എന്നു പറയുന്നു) ഉത്തരപദത്തിലെ ആദ്യവ്യഞ്ജനം ഇരട്ടിക്കുകയില്ല. കൈകാലുകള്‍, അടിപിടി, ആനമയിലൊട്ടകം, രാമകൃഷ്ണന്മാര്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. "രായും പകലും" എന്ന അര്‍ത്ഥത്തില്‍ രാപകല്‍ എന്നേ വരൂ - രാപ്പകല്‍ ആവില്ല.

"രാപക"ലിന്റെ നിര്‍മ്മാതാക്കള്‍ ഇതു വായിച്ചിട്ടു തെറ്റു തിരുത്തുമെന്നു്‌ എനിക്കു പ്രതീക്ഷയില്ല. തിരുത്തിയാലും "രാപ്പകലോടും തീവണ്ടി..." ഉരുവിട്ടു പഠിച്ച കേരളജനത അതു ശരിയാണെന്നു്‌ അംഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല. ഏതായാലും, ഇനി കുട്ടികളെ ഈ പാട്ടു പഠിക്കുമ്പോള്‍ ശരിയായി പഠിപ്പിക്കുക. പാട്ടു പൂര്‍ണ്ണമായി താഴെച്ചേര്‍ക്കുന്നു :

കൂ കൂ കൂകും തീവണ്ടി
കൂകിപ്പായും തീവണ്ടി
കല്‍ക്കരി തിന്നും തീവണ്ടി
വെള്ളം മോന്തും തീവണ്ടി
രാപകലോടും തീവണ്ടി
തളര്‍ന്നു നില്‍ക്കും തീവണ്ടി
വെയിലത്തോടും തീവണ്ടി
മഴയത്തോടും തീവണ്ടി
വേഗം പായും തീവണ്ടി
ഹാ ഹാ ഹാ ഹാ തീവണ്ടി


വാല്‍ക്കഷണങ്ങള്‍ (2005/05/05) :

  1. "രാത്രിപോലെയുള്ള പകല്‍" എന്നര്‍ത്ഥത്തില്‍ "രാപ്പകല്‍" എന്നു പറയാം. ഒരു പക്ഷേ "രാപ്പകല്‍" എന്ന സിനിമയ്ക്കു്‌ അങ്ങനെയൊരു കഥയാവാം. അലാസ്കയിലോ അന്റാര്‍ട്ടിക്കയിലോ എത്തിപ്പെടുന്ന ഒരാളുടെ കഥ. Insomnia എന്ന ഇംഗ്ലീഷ്‌ സിനിമ പോലെ.

  2. "രാത്രിപോലെയുള്ള പകലില്‍ ഓടുന്ന തീവണ്ടി" അല്ലെങ്കില്‍ "രാത്രിയും പകലാക്കി ഓടുന്ന തീവണ്ടി" എന്നോ മറ്റോ വേണമെങ്കില്‍ "രാപ്പകലോടും തീവണ്ടി"യ്ക്കു്‌ അര്‍ത്ഥം പറയാം. അങ്ങനെയാണെങ്കില്‍, അങ്ങനെയാണോ അദ്ധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചതു്‌ എന്ന ചോദ്യം ഉയരുന്നു. ഒന്നാം ക്ലാസ്സില്‍ നാം തെറ്റു പഠിച്ചു എന്ന കാര്യത്തില്‍ ഏതായാലും സംശയം വേണ്ട.

Monday, May 02, 2005

മടി...

നാട്ടില്‍പ്പോയി ഒരു മാസം താമസിച്ചു. അലസനായി, പിരിമുറുക്കങ്ങളില്‍നിന്നു മോചിതനായി. മടങ്ങിയെത്തിയിട്ടു ഒരു മാസത്തിനു മേലായി. ആ അലസത ഇതുവരെയും വിട്ടുമാറിയിട്ടില്ല.

കുറെക്കാര്യങ്ങള്‍ ഒരു നോട്ടുബൂക്കില്‍ കുറിച്ചുവച്ചു. ഇനി അതൊക്കെ ടൈപ്പുചെയ്യണം. മടിയാകുന്നു. എങ്കിലും ചെയ്യണം. നാട്ടില്‍ വച്ചു കുറിച്ച അതേ തീയതി വച്ചു്‌ അവയൊക്കെ പോസ്റ്റു ചെയ്യാന്‍ പോവുകയാണു്‌.