Thursday, January 27, 2005

കരിക്കലവും പൊതിച്ചോറും

അക്ഷരശ്ലോകത്തിനു വേണ്ടിയുള്ള യാഹൂ ഗ്രൂപ്പില്‍ (http://groups.yahoo.com/group/aksharaslokam/) പ്രേംജിയുടെ "നഞ്ഞാളും കാളിയന്‍ തന്‍..." എന്ന ശ്ലോകത്തെപ്പറ്റിയുള്ള (http://aksharaslokam.blogspot.com/2005/01/13.html) സംവാദത്തിനിടയിലാണു്‌ ഇതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കാനിടയായതു്‌.

(ഈ സംവാദത്തില്‍ പങ്കെടുത്ത ജ്യോതിര്‍മയി, വിശ്വപ്രഭ, ശ്രീധരന്‍ കര്‍ത്താ എന്നിവര്‍ക്കു നന്ദി.)

മേല്‍പ്പറഞ്ഞ ശ്ലോകത്തില്‍ "കുഞ്ഞാത്തോല്‍ പാലുകാച്ചും കരികലമതുതന്നുള്ളിലും തുള്ളിയോനേ" എന്നൊരു പ്രയോഗമുണ്ടു്‌. അതിലെ "കരികലം" എന്ന വാക്കിനു പകരം "കരിക്കലം" എന്നു വേണ്ടേ എന്നാണു സംശയം. ഇതു പറഞ്ഞപ്പോള്‍ കുഞ്ചന്‍ നമ്പ്യാര്‍ "പൊതിചോറുമെടുത്തു കൂട്ടുവാന്‍..." എന്നു പ്രയോഗിച്ചിട്ടുള്ളതും ഒരാള്‍ ചൂണ്ടിക്കാട്ടി.

"കരികലം", "പൊതിചോറു്‌" എന്നീ പ്രയോഗങ്ങള്‍ തെറ്റല്ലേ എന്നും, അവ "കരിക്കലം", "പൊതിച്ചോറു്‌" എന്നു വേണ്ടേ എന്നുമാണു ചോദ്യങ്ങള്‍.

മലയാളത്തില്‍, വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായി സമാസിച്ചാല്‍ ഉത്തരപദത്തിന്റെ ആദിയിലുള്ള ദൃഢാക്ഷരം ഇരട്ടിക്കും. (വിശേഷണവിശേഷ്യങ്ങള്‍ പൂര്‍വ്വോത്തരപദങ്ങളായ്‌ സമാസിക്കിലിരട്ടിപ്പൂ ദൃഢം പരപരാദികം എന്നു കേരളപാണിനീയം.) ക-ഘ, ച-ഝ, ട-ഢ, ത-ധ, പ-ഭ, ശ, ഷ, സ എന്നിവയാണു ദൃഢങ്ങള്‍. (ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം; പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായ്‌ വരും - കേരളപാണിനീയം).

ഇതനുസരിച്ചു്‌, "പൊതിയായ ചോറു്‌" എന്നര്‍ത്ഥത്തില്‍ "പൊതിച്ചോറു്‌" എന്നും, "കരിപിടിച്ച കലം" എന്നര്‍ത്ഥത്തില്‍ "കരിക്കലം" എന്നും വേണം.(കരിമണല്‍, കരിനാക്കു്‌ തുടങ്ങിയവയില്‍ ദ്വിത്വം വേണ്ട - കാരണം, മ, ന, എന്നിവ ദൃഢങ്ങളല്ല.)

പക്ഷേ, "പൊതിഞ്ഞ ചോറു്‌" എന്നര്‍ത്ഥത്തില്‍ "പൊതിചോറു്‌" എന്നും, "കരിഞ്ഞ കലം" എന്നര്‍ത്ഥത്തില്‍ "കരികലം" എന്നും പറയാം എന്നൊരു വാദവും ഉയര്‍ന്നുവന്നു. ഈ വാക്കുകളില്‍, പൂര്‍വ്വപദം ഒരു ക്രിയാധാതുവായതുകൊണ്ടു്‌ ദ്വിത്വം ഉണ്ടാവുകയില്ല (അലുപ്താഖ്യസമാസത്തില്‍ധാതുപൂര്‍വ്വത്തിലും വരാ എന്നു കേരളപാണിനീയം.)എന്നാണു്‌ ഈ വാദം. എരിതീ, കടകോല്‍, ചാപിള്ള, അരകല്ല്‌, ഇടികട്ട തുടങ്ങിയവയെപ്പോലെ.

അവസാനം, നമ്പ്യാര്‍ക്കും പ്രേംജിയ്ക്കും തെറ്റുപറ്റിയിട്ടില്ല എന്നാണു്‌ തീരുമാനം. ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടോ?


1 Comments:

At 2:12 AM, Blogger കെവിൻ & സിജി said...

ഒരഭിപ്രായത്തിനുള്ള കോപ്പു് എന്റെ കയ്യിലില്ല. എങ്കിലും ഒന്നു പറഞ്ഞു കൊള്ളട്ടെ, ഗൌരവമായി മലയാളത്തെ കൈകാര്യം ചെയ്യുന്നവരുടെ വലിയ ഒരു ദാരിദ്ര്യം തന്നെ ഈ ഇന്റര്‍നെറ്റു ലോകത്തുണ്ടു്, പക്ഷേ നിങ്ങളെ പോലുള്ളവരുടെ സാന്നിദ്ധ്യം ആശയ്ക്കു വകനല്‍കുന്നു. പിന്നെ എനിയ്ക്കെഴുതിയ സാന്ത്വനവാക്കുകള്‍ക്കും വളരെയധികം നന്ദി.

 

Post a Comment

<< Home