Sunday, January 30, 2005

യേശുദാസിനു്‌ 65 വയസ്സ്‌! (Yesudas turned 65!)

ലോകത്തിലെ ഏറ്റവും നല്ല ശബ്ദത്തിന്റെ ഉടമയായ, മലയാളികളുടെ അഭിമാനമായ, ഭാരതത്തിന്റെ സമ്പത്തായ, ലോകത്തിന്റെ പുണ്യമായ, ഗാനഗന്ധര്‍വ്വന്‍ K. J. യേശുദാസിനു്‌ ഇക്കഴിഞ്ഞ ജനുവരി 10-നു്‌ 65 വയസ്സു തികഞ്ഞു. പക്ഷേ, ആ ശബ്ദത്തില്‍ ഇപ്പോഴും യുവത്വം തുടിച്ചുനില്‍ക്കുന്നു.

അഞ്ചു വര്‍ഷം മുമ്പു്‌, യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു്‌ ഷിക്കാഗോയിലെ മലയാളികള്‍ അദ്ദേഹത്തിനു്‌ ഒരു സ്വീകരണം നല്‍കുകയുണ്ടായി. അനുഗൃഹീതസംഗീതജ്ഞനും ഗായകനുമായ അജിത്‌ ചന്ദ്രന്‍ അന്നു യേശുദാസിനെ സ്വാഗതം ചെയ്തുകൊണ്ടു്‌ ഒരു ത്രിശ്ലോകി ചിട്ടപ്പെടുത്തി ആലപിച്ചു. അതിന്റെ വരികള്‍ എഴുതാന്‍ സാധിച്ചു എന്നതു്‌ എന്റെ ജീവിതത്തിലെ വളരെയധികം ആനന്ദം നല്‍കിയ ഒരു സംഭവമാണു്‌. അതു്‌ ഞാന്‍ ഒന്നുകൂടി ഓര്‍മ്മിക്കട്ടേ:

ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

പൂവിന്‍ നിര്‍മ്മലകാന്തി ചേര്‍, ന്നതിടിവെട്ടേകുന്ന ഗാംഭീര്യമാര്‍-
ന്നാവേശം, ദയ, ഭക്തി, ദുഃഖമിവയെച്ചാലിച്ച മാധുര്യമായ്‌,
ഭാവം ഭൂമിയിലുള്ളതൊക്കെയൊരുമിച്ചാത്മാംശമാക്കുന്നൊരാ
നാവിന്നായി, സരസ്വതീവിലസിതാരാമത്തിനായ്‌, സ്വാഗതം!

നാദബ്രഹ്മമഹാഗ്നി തന്നിലലിവോടാ വിശ്വകര്‍മ്മാവെടു-
ത്തൂതിക്കാച്ചിയ സ്വര്‍ണ്ണമേ, നിഖിലലോകത്തിന്റെ സായുജ്യമേ!
ശ്രോതാക്കള്‍ക്കമരത്വമെന്നുമരുളും പീയൂഷമേ, കേരള-
ശ്രീ താവും മലയാളഭാഷയുടെ സത്‌സൌഭാഗ്യമേ, സ്വാഗതം!

0 Comments:

Post a Comment

<< Home