സ്വന്തം തെറ്റു്
വിശേഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ ഏതിനെയാണു വിശേഷിപ്പിക്കുന്നതു് എന്നതില്‍ സംശയമുണ്ടാകാതെ ഉപയോഗിക്കണമെന്നു് എ. ആര്‍. രാജരാജവര്‍മ്മ പലയിടത്തു പറഞ്ഞിട്ടുണ്ടു്. അങ്ങനെ സംശയമുണ്ടാക്കുകയാണെങ്കില്‍ അതു് ഒരു കാവ്യദോഷമാണെന്നും അദ്ദേഹം ഭാഷാഭൂഷണത്തില്‍ ഉദാഹരണസഹിതം പ്രസ്താവിച്ചിട്ടുണ്ടു്.
ഈ ദോഷത്തിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണം എ.ആര്‍.-ന്റെ തന്നെയായിട്ടുണ്ടെന്നതു് വിചിത്രം തന്നെ. അദ്ദേഹത്തിന്റെ കുമാരസംഭവം തര്‍ജ്ജമയില്‍ "പുഷ്പം പ്രവാളാപഹിതം..." എന്ന കാളിദാസശ്ലോകത്തിന്റെ തര്‍ജ്ജമയായ ചുവടെച്ചേര്‍ക്കുന്ന ശ്ലോകമാണു് ഞാന്‍ ഉദ്ദേശിച്ചതു്.
ചേലൊത്ത പുഷ്പമൊരു ചെന്തളിരില്‍പ്പതിച്ചാല്‍
അല്ലെങ്കില്‍ മുത്തുമണി നല്‍പ്പവിഴത്തില്‍ വച്ചാല്‍
തൊണ്ടിപ്പഴത്തിനെതിരാം മദിരാക്ഷി തന്റെ
ചുണ്ടില്‍പ്പരക്കുമൊരു പുഞ്ചിരിയോടെതിര്‍ക്കും.
ഈ ശ്ലോകത്തില്‍ "തൊണ്ടിപ്പഴത്തിനെതിരായതു്" എന്താണു്? മദിരാക്ഷിയോ ചുണ്ടോ പുഞ്ചിരിയോ? (ചുണ്ടാണു കവി ഉദ്ദേശിച്ചതു്)
5 Comments:
On the other hand, isn't it rather poetic that the reader could interpret the same lines in three different ways? :-) I don't know what a "thoNTippazham" looks like, but if it can be beautiful lips, it can be a smile too, and a girl too.
Of course, I wouldn't want such a confusion if I were reading the newspaper, but all is fair in love and love-poems :).
മനോജ്,
ഇവിടെ ചുണ്ടിനെത്തന്നെയാണു് ഉദ്ദേശിക്കുന്നതു്. തൊണ്ടിപ്പഴം ഒരു ചുവന്ന പഴമാണു്. അതിനിടയില്‍ വെളുത്ത പല്ലുകള്‍ കൊണ്ടുള്ള പുഞ്ചിരി വരുന്നതു് പൂര്‍വാര്‍ദ്ധത്തില്‍ പറയുന്ന രണ്ടു കാര്യങ്ങളെപ്പോലെയാണെന്നാണു കവി പറയുന്നതു്. (1) ചുവന്ന തളിരില്‍ ഒരു വെളുത്ത പുഷ്പം ഇരുന്നാല്‍ (2) ചുവന്ന പവിഴത്തില്‍ വെളുത്ത മുത്തുമണി വെച്ചാല്‍.
എ. ആര്‍. പറയുന്ന കാവ്യദോഷത്തിനു രണ്ടു ഭാഗങ്ങളുണ്ടു്.
വിശേഷ്യം ഒറ്റ വാക്കാണെങ്കില്‍ അതിനു മൊത്തത്തെയുമാണു ബാധിക്കുക. ഉദാഹരണമായി, "നന്ദനസമാനമാമുദ്യാനഭംഗം ചെയ്താന്‍" എന്നു പറയുന്നതു (എ.ആര്‍.-ന്റെ തന്നെ ഉദാഹരണം) തെറ്റാണു്. ഉദ്ദേശ്യം നന്ദനം പോലെയുള്ള ഉദ്യാനത്തെ ഭഞ്ജിച്ചു എന്നാണു്. പക്ഷേ "നന്ദനസമാനം" എന്നതു ഉദ്യാനത്തിനല്ല, ഉദ്യാനഭംഗത്തിന്റെ വിശേഷണമായിപ്പോയി ഇവിടെ.
വിശേഷ്യം ഒന്നില്‍ക്കൂടുതല്‍ വാക്കുകള്‍ ചേര്‍ന്നതാണെങ്കില്‍ (I forgot the exact jargon. But you will get the idea.) അതിന്റെ ആദ്യത്തെ വാക്കിനെയാണു വിശേഷണം വിശേഷിപ്പിക്കുക. "വീരശൂരപരാക്രമിയായ സീതയുടെ ഭര്‍ത്താവു്" എന്നു പറയുന്നതു ശരിയല്ല. (സീത വീരശൂരപരാക്രമിയായിപ്പോകും.) "സീതയുടെ വീരശൂരപരാക്രമിയായ ഭര്‍ത്താവു്" എന്നു വേണം. (ഇതു് എ.ആര്‍.-ന്റെ ഉദാഹരണമല്ല.) ഈ ദോഷത്തിനു് എ.ആര്‍. ഒരു ഉദാഹരണം ഭാഷാഭൂഷണത്തില്‍ കൊടുക്കുന്നുണ്ടു്. ഞാന്‍ നോക്കിയിട്ടു്, അതിനേക്കാള്‍ നല്ല ഒരു ഉദാഹരണം അദ്ദേഹം തന്നെ എഴുതിയിട്ടുണ്ടു്!
ഇവിടെ ചുണ്ടിന്റെ വിശേഷണം ആകേണ്ട തൊണ്ടിപ്പഴം മദിരാക്ഷിയുടേതായിപ്പോയി. എ.ആര്‍. കൊടുത്ത ഉദാഹരണം ഞാന്‍ മറന്നുപോയി. ഇതുപോലെയുള്ള ഒരു ഉദാഹരണം കൊടുത്തിട്ടു് ഇതുപോലെയൊരു (ഞാന്‍ ചോദിച്ചതുപോലെയൊരു ചോദ്യം) അദ്ദേഹം ചോദിച്ചിട്ടുണ്ടു്. അടുത്ത തവണ ഭാഷാഭൂഷണം വായിക്കാന്‍ കിട്ടുമ്പോള്‍ നോക്കാം.
രസകരമായ കാര്യം കാളിദാസന്‍ തൊണ്ടിപ്പഴത്തെപ്പറ്റി പറയുന്നില്ല എന്നുള്ളതാണു്. കാളിദാസന്റെ മൂലശ്ലോകം ഇങ്ങനെയാണു്:
പുഷ്പം പ്രവാളോപഹിതം യദി സ്യാ-
ന്മുക്താഫലം വാ സ്ഫുടവിദ്രുമസ്ഥം
തതോനുകുര്യാദ്വിശദസ്യ തസ്യാ-
സ്താമ്രോഷ്ഠപര്യസ്തരുചഃ സ്മിതസ്യകാളിദാസന് താമ്രോഷ്ഠ - ചുവന്ന ചുണ്ടു് - എന്നേ
പറഞ്ഞിട്ടുള്ളൂ. തൊണ്ടിപ്പഴം എ.ആര്‍.-ന്റേതാണു്. അപ്പോള്‍ മനോജ് പറഞ്ഞതുപോലെ മദിരാക്ഷിയെയും ചുണ്ടിനെയും ഉദ്ദേശിക്കാമോ? "തക്കാളി പോലെയുള്ള പെണ്ണു്" എന്നു കേട്ടിട്ടുണ്ടു്. "തൊണ്ടിപ്പഴം പോലെയുള്ള പെണ്ണു്" എന്നു പറയുമോ എന്തോ! പാര്‍വ്വതി അത്ര ചുവന്നു തുടുത്ത ആള്‍ അല്ലായിരുന്നു താനും!
എന്റെ ഈ ഉദീരണങ്ങള്‍ വായിക്കുന്നതിനും അഭിപ്രായം പറയുന്നതിനും വളരെ നന്ദി.
ഉമേഷ്,
ഏ.ആറിനും തെറ്റുകള്‍ പറ്റുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. താങ്കളെപ്പോലെ മലയാളത്തിനെ ഇത്രയേറെ ഗൌരവത്തോടുകൂടി കാണുന്ന വേറെയാരെയും ഞാന്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ബ്ലോഗുകള്‍ക്ക് നന്ദി.
സമയമുണ്ടാവുകയാണെങ്കില്‍ വൃത്തങ്ങള്‍ക്ക് ഒരു ഗൈഡ് എഴുതാമോ? ഗണം തിരിയ്ക്കുന്നതും, വൃത്തലക്ഷണങ്ങളും, ഉദാഹരണങ്ങളുമടക്കം ഒരു ഗൈഡ്, എന്നെപ്പോലെ പഠിച്ചതൊക്കെ മറന്നുപോയ ചിലര്‍ക്കെങ്കിലും ഉപയോഗപ്രദമായിരിക്കും.
പ്രിയപ്പെട്ട പെരിങ്ങോടനു്,
എ.ആര്‍.-നു തെറ്റുപറ്റി എന്നു പ്രഖ്യാപിക്കാനുള്ള വിവരം എനിക്കില്ല. മറ്റാരെക്കാളും വലിയ സംഭാവനകള്‍ മലയാളത്തിനു നല്‍കിയ മഹാനാണു് അദ്ദേഹം.
എന്റെ ഓരോ പോസ്റ്റും ഓരോ ചോദ്യമാണു്. "ഞാനെന്തൊക്കെയോ പറഞ്ഞു; ഇതിലെന്തെങ്കിലും കഴമ്പുണ്ടോ, അതോ എല്ലാം പൊട്ടത്തെറ്റാണോ" എന്നൊരു ചോദ്യം എല്ലാറ്റിന്റെയും അവസാനമുണ്ടു്. പലപ്പോഴും സ്വയം ചോദിച്ചും മറ്റുള്ളവരോടു ചോദിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളാണു് ഇവിടെ എഴുതുന്നതു്. ആരെങ്കിലും ഉത്തരം നല്‍കും എന്ന പ്രതീക്ഷയോടെ.
എ. ആര്‍. ഒരു ബഹുമുഖപ്രതിഭയായിരുന്നു. വൈയാകരണനായ എ.ആര്‍., ഗദ്യകാരനായ എ.ആര്‍., കവിയായ എ.ആര്‍., പരിഭാഷകനായ എ.ആര്‍. എന്നിങ്ങനെ പലതും. ഈ പ്രതിഭകളെല്ലാം പരസ്പരം നൂറു ശതമാനവും താദാത്മ്യം പ്രാപിച്ചുകൊള്ളണമെന്നില്ല. വൃത്തനിബദ്ധമായ കവിതയെഴുതുമ്പോഴും പരിഭാഷപ്പെടുത്തുമ്പൊഴും കവിയ്ക്കു് ഒരുപാടു പരിമിതികളുണ്ടു്. ഒരുപക്ഷേ, മനോജ് പറഞ്ഞതുപോലെ, കവിതയില്‍ ഇത്തരം ചെറിയ കാര്യങ്ങളൊക്കെ അനുവദിക്കത്തക്കതാവാം (poetic license).
എ.ആര്‍.-ന്റെയും മറ്റുള്ളവരുടെയും തര്‍ജ്ജമകളെപ്പറ്റിയും ഒരുപാടു പറയാനുണ്ടു്. "പരിഭാഷ മൂലാതിശായിയാകാമോ?" എന്നൊരു പോസ്റ്റ് എന്റെ മനസ്സിലുണ്ടു്. സമയം കിട്ടുമ്പോള്‍ എഴുതാം.
വൃത്തങ്ങളെപ്പറ്റി സമയം കിട്ടുമ്പോള്‍ എഴുതാം. എ.ആര്‍.-ന്റെ "വൃത്തമഞ്ജരി"യുടെ പുതിയ പതിപ്പു് ഇപ്പോള്‍ ലഭ്യമാണു്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളുടെ ഒരംശം മാത്രമേ എനിക്കെഴുതാന്‍ പറ്റുകയുള്ളൂ. അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ആ പുസ്തകം കിട്ടുമോ എന്നു നോക്കുക. അടുത്താഴ്ച നാട്ടില്‍ പോകുമ്പോള്‍ എനിക്കും ഒരു കോപ്പി വാങ്ങണം.
"ഞാനെന്തൊക്കെയോ പറഞ്ഞു; ഇതിലെന്തെങ്കിലും കഴമ്പുണ്ടോ, അതോ എല്ലാം പൊട്ടത്തെറ്റാണോ" എന്നൊരു ചോദ്യം എല്ലാറ്റിന്റെയും അവസാനമുണ്ടു്. Good. sangathi praSnam aaN`. kaaraNam Umesh chOdikkunnath~ bhaashayE anginE gauravatthOTe nOkkaattha, allenkil pakuthi gauravathOte maathram kaaNunna ennEppOluLLavarOtaaN~. athinaal thankaLuTe orOchOdyavum chOdyamaayiTTalla njaan kaNunnath~ athenTe thalacchOrine poorvOthsaahatthOTe pravartthippikkunnu. athinaal chOdyam chOdikkunna vidyaarthhiyayalla maRicch SaaRaayiTTaaN~ baakkiyuLLavar ee njaanaTakkam thaankaLe kaaNunnath~. thetukaL aarrkkum pataam. uNNaayi vaariyaR "kuryaam" ennu cheyyaam ennu parayunnathupOle ezhuthiyillE?
Post a Comment
<< Home